തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും എം.എൽ.എ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരാളെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നത് പൊതുവികാരമാണ്. വഴിവിട്ട് ന്യായീകരിക്കുന്നത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കലാണ്.
രാഹുലിൻ്റെ നിലപാടുകൾക്ക് ക്രിമിനൽ രീതിയാണ്. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ ഗൗരവതരമാണ്. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനമാണ്. ഇക്കാര്യത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന നടപടികൾ പൊലീസ് സ്വീകരിക്കും. പരാതിക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.
