കൊച്ചി: ലോക കപ്പ് ജേതാക്കളായ അർജൻ്റീനിയൻ ഫുട്ബാൾ ടീമിൻ്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ലോകകപ്പ് നേടി ലോകജേതാക്കളായി നിൽക്കുന്ന അർജന്റീന ടീമും കൂടെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന് ലോകം വാഴ്ത്തുന്ന മെസ്സിയും കേരളത്തിലെത്തുമ്പോൾ അത് നമ്മളെ സംബന്ധിച്ച് വലിയ സാധ്യതകൾ കൂടി തുറന്നുതരികയാണ്. ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്ന കേരളം ലോകശ്രദ്ധയാകർഷിക്കും. അർജന്റീന ടീമിനെയും ഒരൊ കായികപ്രേമിയേയും കൊച്ചി ഹൃദയപൂർവ്വം സ്വീകരിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി മെസ്സി പന്ത് തട്ടും. കോടിക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ഈ കളി കാണും. മെസ്സി വന്ന നാടെന്ന ഖ്യാതിയും കൊച്ചിക്ക് ലഭിക്കും.
കൊച്ചിയെ ഒരു സ്പോർട്സ് ഹബ്ബാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം ഇതിന്റെ ഭാഗമായുണ്ടാകും. കായികസംബന്ധമായ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ കാലയളവിൽ സാധിക്കും. നാളിതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സ്നേഹോഷ്മളമായ സ്വീകരണം മെസ്സിക്കും കൂട്ടർക്കും ലഭ്യമാക്കാൻ നമുക്കൊരുമിക്കാം. നീലയും വെള്ളയും നിറമുള്ള ആ ജേഴ്സിയിൽ കണ്മുന്നിൽ മെസ്സിയുടെ കളി പാടവം ആസ്വദിക്കാം. ഇനി നാളുകളെണ്ണി കാത്തിരിക്കാമെന്ന് മന്ത്രി രാജീവ് പറഞ്ഞു.
