കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചതിന് പിന്നാലെ കോൺഗ്രസ്നേതൃത്വത്തെ പ്രതിസന്ധിയിലാക്കി അബിൻ വർക്കി.
സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് അബിൻ വർക്കിയുടെ പേര് നേരത്തെ പരിഗണനയിലുണ്ടായിരുന്നു. അന്തിമ തീരുമാനമായപ്പോൾ കെ.എം. അഭിജിത്തിനോടൊപ്പം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിക്കുകയാണുണ്ടായത്.
കേരളത്തിൽ പാർട്ടി പ്രവർത്തനത്തിൽ തുടരാൻ അനുവദിക്കണമെന്ന് അബിൻ വർക്കി പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. ‘യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ കഴിവിൻ്റെ പരമാവധി പ്രവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തു. പഞ്ചായത്ത്, നിയമ സഭാ തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് സുപ്രധാനമാണ്. ഈ അവസരത്തിൽ കേരളത്തിൽ ഉണ്ടാവണമെന്നാണ് താല്പര്യം. ഇത് വെല്ലുവിളിയല്ല. കോൺഗ്രസിൻ്റെ വിധേയനായ പ്രവർത്തകനാണ് താനെന്നും അബിൻ പറഞ്ഞു.
കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമെന്നാണ് അബിൻ വർക്കിയുടെ അഭ്യർത്ഥനയോട് കെ.പി.സി. സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണം
