ഡല്‍ഹി: ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്നും കോഡ് വാക്കുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെയും പിന്നാലെ അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീലിന്റേതുമാണ് കണ്ടെടുത്ത ഡയറികള്‍. മുസമില്‍ താമസിച്ച അല്‍ ഫലാ സര്‍വകലാശാലയിലെ 17ാം കെട്ടിടത്തിലെ 13ാം നമ്പര്‍ മുറിയില്‍ നിന്നുമാണ് ഡയറികള്‍ കണ്ടെത്തിയത്.
‘ഓപ്പറേഷന്’ എന്ന വാക്ക് ഈ ഡയറികളില്‍ ആവര്‍ത്തിച്ച് കാണാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ചെങ്കോട്ട സ്ഫാടനവുമായി ബന്ധപ്പെട്ട സൂചനയാണോയെന്നാണ് സംശയം. ‘പാക്കേജ്’, ‘ഷിപ്മെന്റ്’ എന്നീ വാക്കുകള്‍ ഇരുവരുടെയും ഫോണുകളിലെ സന്ദേശങ്ങളില്‍ നിരവധി തവണ ഉപയോഗിച്ചതായും കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. 2022ൽ തുർക്കിയിൽ വച്ച് ഗൂഢാലോചന നടന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അൽ-ഫലാഹ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഉമർ നയിച്ച ‘ഡൽഹി മൊഡ്യൂളി’ലെ ഭീകരർക്കും ഭീകര സംഘടനകളായ ജെയ്ഷെമുഹമ്മദ്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത് ‘ഉകാസ’യാണെന്നാണ് വിലയിരുത്തല്‍.
