പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. പാലക്കാട്ടെ ഹോട്ടലിലെ മുറിയിൽ നിന്നാണ് രാത്രിയിൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് സൂചന.
ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. പ്രത്യേക സംഘമാണ് കേസെടുത്തതും സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും.
പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്പോൾ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകൻ പറഞ്ഞു. സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ വാങ്ങിയ ശേഷമാണ് പൊലീസ് റൂമിലെത്തിയത്.
ശനിയാഴ്ച രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം ഹോട്ടലിൽ ആയിരുന്നു താമസം.
രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
