പാലക്കാട് : ഞാൻ ജനിച്ചത് നാദാപുരത്ത് ആണ്. അവിടെയുള്ള മുസ്ലിം ലീഗ് നേതാവും നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റുമായ ബംഗളത്ത് മുഹമ്മദ് എന്നെക്കുറിച്ച് പറഞ്ഞത്, ‘എകെ ബാലൻ ഈ നാടിന്റെ അഹങ്കാരവും അഭിമാനവുമാണ്. അദ്ദേഹം സിപിഎം നേതാവ് മാത്രമല്ല ലീഗിന്റെ നേതാവ് കൂടിയാണ്’ എന്നായിരുന്നു. മുസ്ലിം ലീഗിന്റെ തൂണേരിയിലുള്ള വാർഡിൽ കക്കംപള്ളി – തൂണേരി ബൈപ്പാസ് റോഡ് നാല് കോടി രൂപയിൽ ഞാൻ പണിപൂർത്തീകരിച്ചു. അതിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഈയിടെ അന്തരിച്ച ഇബ്രാഹിം കുഞ്ഞ് ആയിരുന്നു. അദ്ദേഹം എന്റെ വീട്ടിൽ വന്ന് എൻ്റെ അമ്മയുടെ കൂടെയിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചതാണ്. ആ റോഡിന് ലീഗുകാർ കൊടുത്ത പേര് ബാലൻ റോഡ് എന്നാണ്. ഇപ്പോഴും ബാലൻ റോഡ് അവിടെ ഉണ്ട്. യൂത്ത് ലീഗുകാർ ബാനർകെട്ടി എന്നെ അഭിനന്ദിച്ചിരുന്നു. അതിൻ്റെ ഫോട്ടോ മാതൃഭൂമി പ്രസിദ്ധീകരിച്ചു.
ഇന്നും ഞാൻ വീട്ടിൽ പോയിക്കഴിഞ്ഞാൽ എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മുസ്ലിം സുഹൃത്തുക്കളുണ്ട്. വളരെ ചെറുപ്പത്തിൽ സ്കൂൾ വിട്ടുവരുന്ന സമയത്ത് നാദാപുരം പള്ളിയുടെ മുമ്പിലിരുന്ന് വയലിത്തറ മൗലവിയുടെ മതപ്രസംഗം – വയള് കേട്ടവനാണ് ഞാൻ. ഫറൂഖ് മൗലവിയുടെ മതപ്രസംഗം കേട്ടവനാണ്. മൗലീദും റാത്തീവും അഞ്ച് നേരമുള്ള നിസ്കാരവും ആയി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ വളർന്ന ഒരാളാണ് ഞാൻ.
ഖുറാൻ, ഞാൻ ഇഷ്ടപ്പെടുന്ന ഒരു മതഗ്രന്ഥമാണ്. അതിന്റെ മലയാള തർജ്ജിമ
ആർത്തിയോടെ വായിച്ച ആളാണ് ഞാൻ.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എന്നെ ശിക്ഷിച്ച് ജയിലിലാക്കിയാൽ ആദ്യത്തെ എന്റെ കടമ ഖുറാൻ വായിച്ച് തീർക്കുക എന്നതാണ്. ഇതിൽ കൃത്യമായി കപടവിശ്വാസികളെപ്പറ്റി പറയുന്നുണ്ട്. ഞാൻ ഒരു കപടവിശ്വാസിയല്ല. തൊഴിലാളി വർഗത്തോട് ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റ് ആണ്. എന്റെ ജീവിതത്തിൽ ഒരു കപടത്തരമില്ല. തൊഴിലാളി വർഗത്തോടുള്ള കൂറും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിശ്വാസ്യതയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ആളാണ് ഞാൻ. അധികാരം കിട്ടിയപ്പോഴും അല്ലാത്തപ്പോഴും ജനങ്ങൾക്കൊപ്പം നിന്നു. ന്യൂനപക്ഷങ്ങൾക്ക് നല്ല സ്വാധീനമുള്ള തൂണേരി, നാദാപുരം പഞ്ചായത്തുകളിൽ ഒരു ഗവൺമെൻ്റിനും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. മൂന്ന് ഹൈഡൽ പദ്ധതികൾ അവിടെ യാഥാർത്ഥ്യമാക്കി. ഒരു ഇലക്ട്രിസിറ്റി ഡിവിഷൻ കല്ലാച്ചിയിൽ യാഥാർത്ഥ്യമാക്കി. ലീഗിൻ്റെ തൂണേരി പഞ്ചായത്തിൽ ഒരു സെക്ഷൻ ഓഫീസ് യാഥാർത്ഥ്യമാക്കി. ഒരു ഐ.ടി ഐ കൊണ്ടുവന്നു. വെള്ളൂർ പി. രാഘവൻ്റെ പേരിൽ ഒരു സാംസ്കാരിക നിലയം കൊണ്ടുവന്നു. ബാക് വേഡ് കമ്മ്യൂണിറ്റി ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ ബ്രാഞ്ച് തുടങ്ങി. മാപ്പിള കലാ അക്കാദമിയും യാഥാർത്ഥ്യമാക്കി.
ഞാൻ ഒരു മുസ്ലിം വിരുദ്ധനാണ് എന്ന് ചിത്രീകരിക്കുമ്പോൾ ഈ ഈ ചരിത്രം ഒന്ന് ഓർക്കുന്നത് നല്ലതാണ്. ന്യൂനപക്ഷ വിരുദ്ധ മനസ്സിൻ്റെ ഉടമയാണ് ഞാൻ എന്ന് വരുത്താനുള്ള ശ്രമമുണ്ട്. പൊതു ജീവിതത്തിൽ ഇന്നേവരെ മത നിരപേക്ഷതക്ക് എതിരായോ മത ന്യൂനപക്ഷ വിരുദ്ധ സമീപനമോ എൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മത ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭൂരിപക്ഷ വർഗ്ഗീയത ഉയർത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിക്കെതിരായി ശബ്ദിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം ശബ്ദിച്ചിട്ടുണ്ട്. ഇത് അവസാനം വരെ ഉണ്ടാവും.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്. എസിൻ്റെ പിന്തുണയോടെയാണ് എൻ.ഡി എ മത്സരിക്കുന്നത്. ജമാ അത്തെ യുടെ സഹായത്തോടെയാണ് യുഡി എഫ് മത്സരിക്കുന്നത്. രണ്ട് വർഗ്ഗീയ പ്രസ്ഥാനങ്ങളും പിന്തുണയ്ക്കുന്ന രണ്ട് വിഭാഗത്തേയും എതിർത്ത് തോല്പിച്ച് ഇടതു മുന്നണി അധികാരത്തിൽ വരണം. എങ്കിൽ മാത്രമേ കേരളത്തിൽ മതസൗഹാർദ്ദം സംരക്ഷിക്കപ്പെടുകയുള്ളൂ എന്നാണ് ഞാൻ പറഞ്ഞതിൻ്റെ ഉള്ളടക്കം. ഏത് ശക്തിയും അധികാരത്തിൽ വരുന്നത് വർഗ്ഗീയ ശക്തികളുടെ സഹായത്തോടെയാണെങ്കിൽ, ആ ശക്തികൾ ഗവൺമെൻ്റിനെ നിയന്ത്രിക്കും. ജമാ അത്തെയുടെ സഹായത്തോടെയാണ് യു ഡി. എഫ് അധികാരത്തിൽ വരുന്നതെങ്കിൽ ആ ഗവൺമെൻ്റിനെ ജമാ അത്തെ സ്വാധീനിക്കും. അഭ്യന്തരത്തെ കൺട്രോൾ ചെയ്യും. അത് മത സൗഹാർദ്ദത്തെ ബാധിക്കും. മാറാട് പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഇടവരുത്തും. ഈ മുന്നറിയിപ്പ് പൊതു പ്രവർത്തനത്തിൻ്റെ ഭാഗമായി ആർജ്ജിച്ചെടുത്ത അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്.
പത്ത് പൈസ എന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് വിചാരിച്ച് ജമാഅത്ത് കേസിന് കൊടുക്കണ്ട. മരണം വരെ പത്ത് പൈസ കൊടുക്കില്ല. അത്ര ദാരിദ്ര്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി ഞാൻ പറഞ്ഞു കൊടുക്കാം. ഇക്കാര്യത്തിൽ മാപ്പ് എന്റെ ജീവിത്തിലേ ഉണ്ടാകില്ല. കേസും കോടതിയും പുത്തരിയല്ല.
പാർട്ടിക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ പാർട്ടി പറഞ്ഞാൽ ആ സമയം അനുസരിക്കും. ജമാഅത്തിനെ പറ്റി ഇ.കെ. സമസ്ത നേതാവ് മുക്കം ഉമർഫൈസി പറഞ്ഞത് അത് ഒരു വൻ ചിതൽ എന്നാണ്. ആ ആപത്തിനെയാണ് തുറന്നുകാട്ടിയത്. അത് തുറന്നുകാട്ടേണ്ടത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ചുമതലയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സോഷ്യലിസ്റ്റ് ബോധത്തിനും എതിരായി നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ആ സംഘടനയുടെ ആശീർവാദത്തിലും സഹായത്തിലും തണലിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അത് കേരളത്തിന്റെ നാശമായിരിക്കുമെന്ന മുന്നറിയിപ്പ് ഇനിയും കൊടുത്തുകൊണ്ടേയിരിക്കും.”-എ.കെ. ബാലൻ പറഞ്ഞു.
