കോഴിക്കോട് : മാന്യമായ ഒരു സോഷ്യൽ മീഡിയ സംസ്കാരം രൂപപ്പെടേണ്ടതുണ്ടെന്ന് ലിൻ്റോ ജോസഫ് എം.എൽ എ.
തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ അസ്ലം മുഹമ്മദിനെതിരെയുള്ള പൊലീസ് നടപടികൾ ഒത്തു തീർപ്പാക്കിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഡി. വൈ. എഫ് ഐ പ്രവർത്തകരുടെ പരാതി പ്രകാരം അസ്ലം എന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലെത്തിയ എം.എൽ.എ കേസ് ഒത്തുതീർപ്പാക്കുകയും അസ്ലംനെ ചേർത്തുപിടിക്കുകയും ചെയ്തു. എം.എൽ.എ യെ അധിക്ഷേപിച്ചുകൊണ്ടുള്ള ലീഗ് പ്രവർത്തകൻ്റെ കമൻ്റിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.
ലിൻ്റോയുടെ കുറിപ്പ് ചുവടെ:
മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗർഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും.
സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാൻ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാൽ, കൂടുതൽ സംശുദ്ധവും മാന്യതയിൽ അധിഷ്ഠിതവുമായ ഒരു സോഷ്യൽ മീഡിയ സംസ്കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും ബോഡി ഷെയിമിങ്ങിൽ നിന്നും സ്ത്രീവിരുദ്ധതയിൽ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങൾ ഉയർന്നുവരുന്ന സ്പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങൾ മാറണം. എങ്കിൽ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളു.
അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..
എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താൻ നിങ്ങൾ എന്നെ വിളിച്ചപ്പോൾമുതൽ നമ്മൾ പരസ്പരം അറിഞ്ഞില്ലേ.
എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ ഒരു പരിചയക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം.
