കോഴിക്കോട്: നിയമസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ഫാത്തിമ തെഹ്ലിയയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് മുസ്ലിം ലീഗ് വനിതാ നേതാവ് നൂർബിന റഷീദ് രംഗത്ത് എത്തിയിരിക്കുന്നത്. പട്ടികയിൽ അതൃപ്തി സൂചിപ്പിക്കും വിധം മുതിർന്ന മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയും ആദ്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തിയെങ്കിലും പിന്നീട് തിരുത്തി.
ഫാത്തിമ തെഹ്ലിയക്ക് സ്ഥാനാർത്ഥിയാകാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് നൂർബിന റഷീദ് ചോദിച്ചു. ലീഗ് നേതൃത്വത്തേയും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളേയും മുൾമുനയിൽ നിർത്തിയ പ്രവർത്തകയാണ് ഫാത്തിമ തെഹ്ലിയ. അച്ചടക്കമില്ലായ്മയാണ് യോഗ്യത എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും നൂർബിന പറഞ്ഞു.
മുസ്ലീം ലീഗ് പാർട്ടിയുടെ അകക്കാമ്പ് അറിഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു. പാർട്ടിക്കുവേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. – ഇതായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിൽ പ്രവർത്തകരിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് ആദ്യത്തെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഇന്നത്തെ സ്ഥാനാർത്ഥി പട്ടികയും ഈ ഗണത്തിൽ പെടുന്നതാണെന്നും സാദിഖലി ശിഹാബ് തങ്ങളും പഴയ മാതൃക പിന്തുടരുകയാണെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പുതിയ കുറിപ്പിൽ കൂട്ടിച്ചേർത്ത് നിലപാട് മയപ്പെടുത്തി. ഈ കുറിപ്പിന് താഴെയും പഴയ പോസ്റ്റിനെ ചൂണ്ടിക്കാട്ടി ലീഗ് പ്രവർത്തകർ രണ്ടത്താണിക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്.
