കോഴിക്കോട് : സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പുമായി മുസ്ലീം ലീഗ് മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി വീണ്ടും രംഗത്ത്. തിരൂരങ്ങാടിയിൽ പ്രാദേശിക ഘടകങ്ങൾ ആവശ്യപ്പെടാതെ പി.എം.എ സമീറിനെ സ്ഥാനാർഥിയാക്കിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനെ അച്ചടക്ക ലംഘനമായി കാണാനാവില്ലെന്ന് രണ്ടത്താണി ഫേസ് ബുക്കിൽ കുറിച്ചു.
ഇന്ന് രാവിലെ പുറത്തിറക്കിയ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ചുവടെ:
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം.
എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.
സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പുമായി അബ്ദുറഹ്മാൻ രണ്ടത്താണി നേരത്തേയും രംഗത്തുവന്നിരുന്നു. പ്രവർത്തകരിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ച് നിലപാട് മയപ്പെടുത്തി. ഇപ്പോൾ പുതിയ കുറിപ്പിലൂടെ വീണ്ടും വിയോജിപ്പ് പരസ്യമാക്കുകയാണ് അദ്ദേഹം.
