തിരുവന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തിരുത്തലിനായും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായും സി പി എം പൊതു ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികൾ പാർടി സ്വീകരിച്ചിട്ടുണ്ട്. പുതിയ കാലത്ത് സിപി എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.
നാട്ടിലും വിദേശത്തുമുള്ള സി പി എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളോടും നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പാർട്ടി അഭ്യർഥിച്ചു. യുവാക്കൾ, വിദ്യാർത്ഥികൾ, യുവതികൾ, ട്രാൻസ് ജൻഡേഴ്സ്, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും കേൾക്കും. പ്രത്യേകിച്ച് പുതുതലമുറയെ കേൾക്കണം എന്നാണ് പാർടി തീരുമാനിച്ചിട്ടുള്ളത്..
ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിർദ്ദേശങ്ങൾ സമർപ്പിക്കാം. വെബ്സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും.
