കോഴിക്കോട് : താൻ ബി ജെ പി യിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിന് പിന്നിൽ വ്യക്തിവിരോധമെന്ന് മുൻ എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ.
58 വർഷമായി സി പി എം മെംബറാണ്. കോഴിക്കോട്ടെ സീനിയറായ പാർട്ടി മെംബർമാരിൽ ഒരാളാണ്. ഇന്നുവരെ മറ്റൊരു പാർട്ടിയിൽ പോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അതിന് കഴിയുകയുമില്ല. ഇന്നും പാർട്ടിയിൽ അടിയുറച്ച് നിൽക്കുന്ന ഒരാളാണ്. ഒരിക്കലും ഒരു സമ്മർദ്ദത്തിനും പ്രേരണക്കും വഴങ്ങുന്ന ആളല്ലെന്നും തോട്ടത്തിൽ രവീന്ദ്രൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ബുധനാഴ്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീട്ടിൽ വന്നിരുന്നു. അദ്ദേവുമായി 20 വർഷത്തോളമായുള്ള ബന്ധമുണ്ട്. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് തുടങ്ങിയ ബന്ധമാണ്. പ്രദേശത്തെ കുറച്ച് ബി ജെ പി പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വീട്ടിലേക്ക് കയറി വരുന്നവരോട് ഇങ്ങോട്ട് കയറരുത് എന്ന് പറയുന്നത് മര്യാദകേടാണ്.
താനൊരു രാഷ്ട്രീയ ദൗത്യത്തിന് വന്നതല്ല എന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയതാണെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു
