കോഴിക്കോട്: ബാലുശ്ശേരിയിൽ ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചതായി ധനകാര്യ മന്ത്രി പി. രാജീവ്. പദ്ധതിയുടെ വിശദറിപ്പോർട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അമ്യൂസ്മെൻ്റ് പാർക്ക്, ദേശീയ സർവ്വകലാശാലകളുടെ സ്പോർട്ട്സ് ഇൻ്റഗ്രേറ്റഡ് വിദ്യാഭ്യാസ പാർക്ക്, വെൽനസ് ഹബ്ബ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ബാലുശ്ശേരി കോട്ടൂർ വില്ലേജിലെ 96 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ടൂറിസം, വിദ്യാഭ്യാസം, വെൽനസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങൾ പദ്ധതിയിലൂടെ യാഥാർത്യമാകും. 2000 തൊഴിലവസരങ്ങൾ പ്രത്യക്ഷമായും അതിലധികം തൊഴിലുകൾ പരോക്ഷമായും സൃഷ്ടിക്കപ്പെടും. സംസ്ഥാന സർക്കാരിൻ്റെ ഇ.എസ്.ജി നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി വിശദമാക്കി.
