ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനാ ടീമിൻ്റെ കേരള സന്ദർശനം ഉറപ്പായ സാഹചര്യത്തിൽ, എതിരാളികൾ ആരായിരിക്കുമെന്ന കടുത്ത ആലോചനയിലാണ് ഫുട്ബാൾ ആരാധകർ. ഏഷ്യയിൽനിന്നുള്ള മികച്ച ടീമുകളിലൊന്ന് അർജന്റീനയുടെ എതിരാളിയായെത്തുമെന്നാണ് സൂചന. സൗദി അറേബ്യ, ഓസ്ട്രേലിയ എന്നിവയിലൊരു ടീം അർജന്റീനയ്ക്കെതിരേ കളിക്കാൻ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയ അർജന്റീനയ്ക്കെതിരെ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്മാൻ സൂചിപ്പിച്ചിരുന്നു.
ഫിഫ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന അർജന്റീന സൗഹൃദമത്സരത്തിനിറങ്ങുമ്പോഴും മികച്ചടീമുകളെത്തന്നെയാണ് എതിരാളിയായി ആഗ്രഹിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 50-നുള്ളിൽനിൽക്കുന്ന ടീമുകളുമായി കളിക്കാനാണ് തങ്ങൾക്ക് താത്പര്യമെന്ന് അർജന്റീനാ ഫുട്ബോൾ അസോസിയേഷനും പറഞ്ഞിരുന്നു. ഏഷ്യയിൽ ജപ്പാനാണ് (17) ഫിഫ റാങ്കിങ്ങിൽ ഏറ്റവും മുകളിൽനിൽക്കുന്ന ടീം. ജപ്പാനെ കേരളത്തിലെത്തിക്കണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിവരും. ചില ആഫ്രിക്കൻ ടീമുകളും പരിഗണനയിലുണ്ട്.
ആരാധകർ ഏറെ ആഗ്രഹിക്കുന്ന ഏഷ്യൻ ടീം സൗദി അറേബ്യയാണ്. ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആദ്യകളിയിൽ സൗദി അവരെ അട്ടിമറിച്ചതും ആരാധകരുടെ ഓർമ്മകളിൽ മായാതെയുണ്ട്. കേരളവുമായി നല്ല ബന്ധത്തിലുള്ള സൗദിക്ക് ഇവിടെ കളിക്കാനെത്തുന്നത് താത്പര്യമുള്ള കാര്യമാണ്. ഫിഫ റാങ്കിങ്ങിൽ 59-ാം സ്ഥാനത്താണെങ്കിലും സൗദി അറേബ്യയുമായി കളിക്കാൻ അർജന്റീന തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
അർജന്റീനയ്ക്ക് പരമ്പരാഗതമായി കടുത്ത ആരാധകക്കൂട്ടമുള്ള നാടാണ് കേരളം. ആദ്യം മാറഡോണയെയും ഇപ്പോൾ ലയണൽ മെസ്സിയെയും ഹൃദയത്തിലേറ്റുന്ന വലിയൊരുവിഭാഗം ആരാധകരുമുണ്ട്. ഓരോ ലോകകപ്പിലും അർജന്റീന കളിക്കാനിറങ്ങുമ്പോൾ അതിന്റെ മിടിപ്പ് കേരളത്തിലുമുണ്ടാകും. ഖത്തർ ലോകകപ്പിൽ മെസ്സിയും സംഘവും കപ്പുയർത്തിയപ്പോൾ ബ്യൂണസ് ഐറിസിൽ മാത്രമായിരുന്നില്ല ആഘോഷം. കേരളത്തിലെ അർജന്റീനാ ആരാധകരും അത് വലിയ ആഘോഷമാക്കി. കേരളത്തിലെ ആഘോഷത്തിന് അർജന്റീനാ അസോസിയേഷൻ നന്ദിപറയുകയും ചെയ്തു. അർജന്റീനാ ഫുട്ബോൾ ടീമിനെ ഹൃദയത്തോട് ചേർത്തുനിർത്തുന്നയിടത്തേക്കാണ് മെസ്സിയും കൂട്ടരും വരുന്നത്. മെസ്സി പന്ത് തട്ടുന്നത് നേരിട്ടുകാണാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് സംഘാടകർക്കുമുന്നിൽ ഇനിയുള്ള വെല്ലുവിളി.
നവംബർ 10 നും 18 നും ഇടയിലുള്ള തിയ്യതികളിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാവും കേരളത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിക്കുന്ന ഫുട്ബാൾ മത്സരത്തിന് വേദിയൊരുങ്ങുക.
