തിരുവനന്തപുരം: വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി കേരളത്തിൽ സീ പ്ലെയിൻ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട്. ഇന്ത്യ ഓൺ എയർ, മെഹെയർ, പി.എച്ച്. എൽ, സ്പൈസ് ജെറ്റ്
എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്.
സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടർച്ചയായ ഇടപെടലാണ് വിനോദ സഞ്ചാര വകുപ്പ് നടത്തിവന്നത്. ഇതിൻ്റെ ഭാഗമായി കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കലും നടത്തുകയുണ്ടായി. വളരെ ആവേശത്തോടെ സമൂഹം ഇതിനെ സ്വാഗതം ചെയ്തു.
സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിൻ്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്. സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ഡാമുകളിലുടെയുള്ള സീപ്ലൈൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിനോദ സഞ്ചാര വകുപ്പിൻ്റെ പ്രതീക്ഷ.
