ദേശീയപാത വികസനത്തിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിലുള്ള നിരന്തരമായ ഇടപെടലിന്റെ ഭാഗമായി വരുന്ന നേട്ടങ്ങളെ വ്യക്തിപരമായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഷാഫി പറമ്പിൽ എം.പി.നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി. ഷാഫിയുടെ ഈ ഷോയും ജനങ്ങൾ തിരിച്ചറിയണമെന്നും കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനായ ക്രിമിനലിനെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
കേരളത്തിന്റെ അടിസ്ഥാന വികസനത്തിലെ സുപ്രധാന ചുവടുവെപ്പായി മാറാൻ പോവുകയാണ് NH 66 ന്റെ പൂർത്തീകരണം. 2011ലെ യുഡിഎഫ് സർക്കാരിന്റെ തെറ്റായ നിലപാട് കാരണം പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുന്നത്. ദേശീയപാതയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാൻ അന്ന് എൽഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് യുഡിഎഫ് കേരളത്തിൽ ശ്രമിച്ചത്. ഇതിൻറെ മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ് അന്നത്തെ എംഎൽഎയും ഇന്നത്തെ വടകര എംപിയുമായ ഷാഫി പറമ്പിൽ.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കോഴിക്കോട് ജില്ലയിൽ മാത്രം 415 കോടിയും കേരളത്തിൽ 5600 കോടി രൂപയും ചെലവഴിച്ച് പദ്ധതി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ കാലയളവിലാണ് സ്ത്രീയെ ശരീരം മാത്രമായി കണ്ട് തൻ്റെ എംഎൽഎ പദവി ദുരൂപയോഗം ചെയ്തു വഞ്ചനയിലൂടെയും ഭീഷണിയിലൂടെയും ഒന്നിലധികം സ്ത്രീകളെ രാഹുൽ മാങ്കൂട്ടം എംഎൽഎ പീഡിപ്പിച്ചു എന്ന വാർത്ത മാധ്യമങ്ങളിലൂടെ കേരളീയ സമൂഹം അറിയുന്നത്. കോൺഗ്രസിലും മറ്റു മേഖലകളിലും പ്രതിനിധീകരിക്കുന്ന സ്ത്രീകൾ വി ഡി സതീശൻ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം കൂട്ടുകെട്ടിനെതിരെ പ്രതികരണം ഉയർത്തിക്കൊണ്ടുവന്നപ്പോൾ നീതി ആവശ്യപ്പെട്ട് ശബ്ദമുയർത്തിയവരെ പരിഹസിക്കാനും സൈബർ ആക്രമണത്തിന് വിധേയമാക്കാനും ആണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള വെട്ടുകിളികൾ തയ്യാറായത്. ഇതിനെതിരെ കോൺഗ്രസിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്ന ഘട്ടത്തിലാണ് താൻ ജനകീയനാണെന്ന് സ്വയം വരുത്തി തീർക്കാൻ ഡിസിസി പ്രസിഡണ്ടിനോടൊപ്പം ഉദ്യോഗസ്ഥ യോഗത്തിൽ എം.പി. പങ്കെടുത്തത്. പിഡബ്ല്യുഡി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിൽ നടന്ന റിവ്യൂ യോഗങ്ങളുടെ ഭാഗമായുള്ള ധാരണ മാത്രമാണ് എംപിയെ ഉദ്യോഗസ്ഥർ അറിയിച്ചത്. വെങ്ങളും -അഴിയൂർ റീച്ചിലെ കരാർ കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രമന്ത്രിയെ കണ്ടു പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിരന്തരം ഇടപെടലുകൾ നടത്തുമ്പോൾ തിരിഞ്ഞു നോക്കാത്ത എംപി മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിലുള്ള നിരന്തരമായ ഇടപെടലിന്റെ ഭാഗമായി വരുന്ന നേട്ടങ്ങളെ വ്യക്തിപരമായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
