കോഴിക്കോട് : രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിച്ച ആരോ എന്ന ഹ്രസ്വ ചിത്രം സംബന്ധിച്ച ചർച്ച പുതിയ തലത്തിലേക്ക്. ആരോ യുടെ കഥ മോഷ്ടിച്ചതാണെന്നതാണ് പുതിയ ചർച്ചക്ക് തിരി കൊളുത്തിയത്. യൂട്യൂബിലൂടെ പ്രദർശനത്തിന് എത്തിയ അന്ന് മുതൽ ആരോ യ്ക്ക് എതിരായും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ശ്യാമ പ്രസാദും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
വി.ആർ. സുധീഷിൻ്റേതാണ് കഥ. കഥ മോഷ്ടിച്ചതാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്തു വന്നിരിക്കുന്നുവെന്ന് അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരിക്കുന്നത്. താൻ ഓഗസ്റ്റ് 25 ന് മനോരമ ആഴ്ചപ്പതിപ്പിന് അയച്ചു നൽകിയതാണ് ആരോയ്ക്ക് ആസ്പദമായ കഥ. സപ്തംബറിൽ വന്ന ഒരു കഥ താൻ അപഹരിച്ചതാണെന്ന് പറഞ്ഞ് ഒരു മഹിള ഇറങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

കഥ അയച്ചു നൽകിയതിൻ്റെ സ്ക്രീൻ ഷോട്ട് സഹിതമുള്ള കുറിപ്പിൻ്റെ പൂർണ്ണ രൂപം ചുവടെ:
ആഗസ്റ്റ് 25 ന് ഞാൻ മനോരമ ആഴ്ചപ്പതിപ്പിന് എഴുതികൊടുത്ത വിപര്യയം എന്ന കഥയാണ് ആരോ എന്ന ഹ്രസ്വചിത്രത്തിന് ആധാരം.
സപ്തംബറിൽ വന്ന ഒരു കഥ ഞാൻ അപഹരിച്ചതാണെന്ന് പറഞ്ഞ് ഒരു മഹിള ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. എന്തരോ,ആരോ !
