കോഴിക്കോട് : കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും തുടർന്നും ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായിരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരള കോൺഗ്രസ് (എം) പിളർപ്പിലേക്കെന്നും ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് പോകുമെന്നും മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമര പരിപാടിയിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. മന്ത്രി റോഷി അഗസ്റ്റിൻ സോഷ്യൽ മീഡിയയിൽ ‘ തുടരും’ പോസ്റ്റിടുകയും ചെയ്തു. ഇതിനെയെല്ലാം മാധ്യമങ്ങൾ ചർച്ചാവിഷയമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിശദീകരണം.
‘ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ്. കൂടാതേ പാർട്ടിയുടെ മുഴുവൻ എം.എൽ.എ മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവ്വം പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണ് ‘.
കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
