കോഴിക്കോട്: സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ്സിൽ കടുത്ത പ്രതിസന്ധി. കോൺഗ്രസ് എം.പി മാർ കൂട്ടത്തോടെ സ്ഥാനാർഥികളാവാൻ സന്നദ്ധ അറിയിച്ചിരിക്കുകയാണ്. മുൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എം.കെ രാഘവൻ എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആവാൻ തയ്യാറാണെന്ന വിവരം നേതൃത്വത്തെ അറിയിച്ചിരുന്നു.
കണ്ണൂരിൽ സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നാണ് കെ സുധാകരൻ്റെ നിലപാട്. നേതാവിന് സീറ്റ് നിഷേധിക്കപ്പെട്ടാൽ കൂട്ട രാജിക്ക് തയ്യാറെടുത്തിരിക്കുകയാണ് സുധാകരൻ്റെ അണികൾ. ഇക്കാര്യം വ്യക്തമാക്കി കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എം പി. മാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതോടെ കെ. സുധാകരൻ കടുത്ത നീരസത്തിലാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ് കണ്ണൂരെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കുമെന്നും ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.
ഇതിനിടയിൽ രമേശ് ചെന്നിത്തല അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. അടൂർ പ്രകാശും എം കെ രാഘവനും കെ സുധാകരന് രഹസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതായി അറിയുന്നു.
