തിരുവനന്തപുരം : കുംഭമേള വൈറൽ സുന്ദരി മൊണാലിസയ്ക്കും കാമുകൻ മുഹമ്മദ് ഫർമാനും അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വിവാഹം. കാമുകൻ ഫർമാനൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയ മൊണാലിസ വൈകിട്ട് നടന്ന ചടങ്ങിലാണ് വിവാഹിതയായത്. സി. പി. എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ്.
മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും പൂവാറിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് പൊലീസിന്റെ സഹായം തേടിയത്. പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം. അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാൻ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു. നടനും മോഡലുമാണ് ഫർമാൻ. കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമന്നും മൊണാലിസ പറഞ്ഞു.
