ഡൽഹി: മുഖ്യമന്ത്രി പദവിയിലേക്ക് വി ഡി സതീശന് നറുക്ക് വീഴാൻ സാധ്യത. കെ സി വേണുഗോപാലിനെ നിശ്ചയിച്ചാൽ കേരളത്തിൽ രൂപപ്പെടാനിടയുള്ള പ്രതിഷേധം പരിഗണിച്ചാണ് ഹൈക്കമാൻ്റ് വി ഡി സതീശനെ പരിഗണിക്കാൻ നിർബ്ബന്ധിതമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫലം വന്ന് 10 ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാതിരുന്നതിൽ നാനാഭാഗത്തു നിന്നും പ്രതിഷേധം ശക്തമായിരുന്നു.
കെ സി വേണുഗോപാൽ , വി ഡി സതീശൻ , രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദമുന്നയിച്ചത്. ഇതേത്തുടർന്ന് മുകുൾ വാസ്നിക്കിൻ്റെ നേതൃത്വത്തിൽ എം എൽ എമാരിൽ നിന്നും അഭിപ്രായം സ്വരൂപിക്കുകയുണ്ടായി. ഇതിനിടയിൽ കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരുടെ ലിസ്റ്റ് ചോർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം രൂപപ്പെട്ടു. കെ സി വേണുഗോപാലിനെ അനുകൂലിച്ച എം എൽ എ മാരെ വഴിയിൽ തടയുന്ന സംഭവങ്ങൾ വരെയുണ്ടായി. മുസ്ലീം ലീഗിൻ്റെ പിന്തുണ വി ഡി സതീശനുണ്ടായിരുന്നു. കെ. സി വേണുഗോലിനെതിരെ സോഷ്യൽ മീഡിയയിലും നേരിട്ടും പ്രതിഷേധിച്ചവരിൽ ലീഗ് പ്രവർത്തകർ ഏറെയുണ്ടായിരുന്നു.
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്ന് നേതാക്കളുമായി ഹൈക്കമാൻ്റ് പ്രത്യേകം ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഇതേത്തുടർന്ന് കേരളത്തിൽ നിന്നും മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി ചർച്ച ചെയ്യുകയുണ്ടായി. ഇതിനു ശേഷമാണ് ആദ്യഘട്ടത്തിൽ കെ.സി വേണുഗോപാലിനൊപ്പം നിന്ന ഹൈക്കമാൻ്റ് മാറി ചിന്തിക്കാൻ തുടങ്ങിയതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
