തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
മാദ്ധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ ആൺപെൺ വ്യത്യാസമില്ലാതെ സഹപ്രവർത്തകരെ ആലിംഗനം ചെയ്തതിൽ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും അനൗചിത്യം തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തന്റെ പെരുമാറ്റത്തിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ തന്നെ വ്യക്തമാക്കിയതായും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
പിതൃതുല്യമായ സ്നേഹപ്രകടനമാണ് ചെറിയാൻ ഫിലിപ്പ് നടത്തിയതെന്ന് അന്നുതന്നെ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപിയും വ്യക്തമാക്കിയെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റെ പെരുമാറ്റത്തിൽ ഒരുവിധത്തിലുള്ള ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും പറഞ്ഞിരുന്നു.തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമായിരുന്നു അതെന്നാണ് ഷാനിമോൾ ഉസ്മാനും ചൂണ്ടിക്കാട്ടിയത്.
ഒറ്റയാനായി സന്ന്യാസതുല്യമായ ജീവിതം നയിക്കുന്ന തന്റെ അവസ്ഥയെ മനസിലാക്കാതെ, ചില സാമൂഹിക മാദ്ധ്യമങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി ഏറെ തളർത്തിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
