പറക്കാനും നടക്കാനും സാധിക്കുന്ന ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ (കോക്രോച്ച് ).ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. കൂറകൾ ലോകത്തിൽ 30 തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും നന്നായി അറിയപെടുന്ന ഇനം അമേരിക്കൻ കൂറയാണ്. അമേരിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.
രാജ്യത്ത് ഇപ്പോൾ കൂറകളുടെ പ്രജനന കാലമാണ്. ഭരണകൂടത്തെ പോലും ആശങ്കയിലാഴ്ത്തി ലക്ഷക്കണക്കിന് കുറകൾ അനുദിനം പെറ്റുപെരുകുന്നു.
കഷ്ടപ്പാടുകളും സങ്കടങ്ങളും ദാരിദ്ര്യവും സഹിക്കാനാവും. എന്നാൽ അവഹേളനം പൊറുക്കാനാവില്ല. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കൾ കോക്രോച്ചുകളായി സ്വയം പരിണമിക്കാനിടയായത് തങ്ങളുടെ വ്യക്തിത്വത്തിന് നേരെയുണ്ടായ അവഹേളനത്തിൽ നിന്നാണ്.
യുവാക്കളെ കോക്രോച്ചുകളായി താരതമ്യം ചെയ്തു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് യുവാക്കൾക്ക് അപമാനമായി തോന്നിയത്.
‘ചില തൊഴിലില്ലാത്ത യുവാക്കൾ കോക്രോച്ചുകളെപ്പോലെയാണ്. അവർ മീഡിയ പ്രവർത്തകരായോ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായോ, വിവരാവകാശ ആക്ടിവിസ്റ്റുകളായോ മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു.’ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.’
അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷനിൽ മാസ്റ്റർ ബിരുദം ചെയ്യുന്ന അഭിജീത് ദിപ്കെയാണ് ആക്ഷേപഹാസ്യപരമായ പ്രതിഷേധവുമായി ആദ്യമായി സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്. ഇതിന് പിന്നാലെ യുവാക്കൾ വലിയ തോതിൽ അണിനിരക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയുടെ മുൻ പ്രവർത്തകനാണ് അഭിജീത്.
മടിയന്മാരെന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്ന യുവാക്കൾക്കായി ഒരു പാർട്ടി കെട്ടിപ്പടുക്കുക എന്നത് മാത്രമാണ് ദൗത്യമെന്ന് അഭിജിത് പറയുന്നു. അതാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പാരഡി പാർട്ടി. പ്രശ്നങ്ങൾ ഉന്നയിക്കാനും, ഉത്തരവാദിത്തം നിർവ്വഹിക്കപ്പെടുന്നതുവരെ ആവശ്യപ്പെടാനുമുള്ള വേദിയായി സി ജെ പി നിലകൊള്ളും.
മറ്റൊരു പി എം കെയർ സംഘടിപ്പിക്കാനോ, നികുതിദായകരുടെ ശമ്പള സ്ലിപ്പിൽ ദാവോസിൽ അവധി ആഘോഷിക്കാനോ, അഴിമതിയെ “തന്ത്രപരമായ ചെലവ്” എന്ന് പുനർനാമകരണം ചെയ്യാനോ ഞങ്ങളില്ല. പണം എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾ ഉറക്കെ ചോദിക്കും.
തങ്ങൾ അധികാരത്തിൽ വന്നാൽ, ഒരു ചീഫ് ജസ്റ്റിസിനും വിരമിച്ചതിന് ശേഷമുള്ള പ്രതിഫലമായി രാജ്യസഭാ സീറ്റ് നൽകില്ല എന്ന് സി ജെ പിയുടെ പ്രകടന പത്രികയിൽ പറയുന്നു.
വോട്ടവകാശം കവർന്നെടുക്കുന്നത് തീവ്രവാദത്തിൽ കുറവല്ലാത്ത കുറ്റമായതിനാൽ,
ഏതെങ്കിലും നിയമാനുസൃത വോട്ട് ഇല്ലാതാക്കിയാൽ, ചീഫ് ഇലക്ഷൻ കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യും. പാർലമെന്റിന്റെ അംഗബലം വർദ്ധിപ്പിക്കാതെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ലഭിക്കും. എല്ലാ കാബിനറ്റ് സ്ഥാനങ്ങളുടെയും 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യും. അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ലൈസൻസുകൾ റദ്ദാക്കും. സ്വതന്ത്ര മാധ്യമങ്ങൾക്ക് വഴിയൊരുക്കും. ഭരണകക്ഷികളുടെ മടിയിൽ ഇരിക്കുന്ന മാധ്യമപ്രവർആകരുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷിക്കും. ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറുന്ന എംഎൽഎമാരും എംപിമാരും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും പൊതു പദവി വഹിക്കുന്നതിൽ നിന്നും 20 വർഷത്തേക്ക് വിലക്കും.
സി ജെ പി സോഷ്യൽ മീഡിയയിൽ ശക്തിയാർജ്ജിക്കുകയാണ്. സാമൂഹ്യ മാധ്യമത്തിൽ സി ജെ പി ക്ക് നിരോധനം ഏർപ്പെടുത്തി അധികാരികളുടെ പ്രതിരോധവുമുണ്ട്. അതിനെയെല്ലാം അതിജീവിച്ച് കൂറകൾ രാജ്യമാകെ പടരുന്നു. സി ജെ പി മറ്റൊരു ആം ആദ്മി പാർട്ടിയായി പരിണമിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്
