കെ ടി ശേഖർ
മാറിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ അനിവാര്യതയാണ്. സ്വയം തിരുത്തലിന് തയ്യാറായില്ലെങ്കിൽ തിരുത്തിക്കാൻ യുവത ശക്തി സംഭരിച്ചുകഴിഞ്ഞു. പുതിയ കുട്ടികളുടെ ബുദ്ധിയും ശക്തിയും കുറച്ചു കാണരുത്. അവർ മുൻപേ നടക്കാൻ തുടങ്ങിയിരിക്കുന്നു. ഒപ്പം നടന്നില്ലെങ്കിൽ പിന്നാലെ ചെല്ലേണ്ടി വരും.
18-നും 40-നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർ ജനസംഖ്യയുടെ 40 ശതമാനത്തോളം വരും. ലോക് സഭയിൽ അവരുടെ പ്രാതിനിധ്യം 10 ശതമാനം മാത്രം. 1950-കളിൽ ഇതിന്റെ ഇരട്ടിയിലധികമുണ്ടായിരുന്നു യുവ സാന്നിധ്യം. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ശരാശരി പ്രായം 60-ന് മുകളിലാണ്.
തലമുറകൾ തമ്മിലുള്ള അന്തരം വലുതാണ്. തങ്ങളെ കേൾക്കാനും സംസാരിക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും ആരുമില്ലെന്ന അന്യഥാ ബോധം യുവത്വത്തിൽ ശക്തമാണ്. വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ട അവർ അവർക്കു വേണ്ടി പ്രതികരിക്കാൻ തെരുവിലിറങ്ങിത്തുടങ്ങിയിരിക്കുന്നു. ആയതിൻ്റെ കന്നി വിജയമാണ് യുവാക്കൾ ഇപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ യുവത്വം എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്ന് രാഷ്ട്രീയ പാർട്ടികൾക്കും പുറം ലോകത്തിനും തിരിച്ചറിവുണ്ടാക്കാൻ ജന്തർ മന്തർ സമരം വേണ്ടിവന്നു. യുവജനങ്ങളുടെ ആശങ്ക, പരിഭ്രാന്തി, അതൃപ്തി, നിരാശ, രോഷം എന്നിവയുടെ പ്രതിഫലനമായിരുന്നു സമര വേദി. ജാതി മത വേർതിരിവില്ലാതെയാണ് യുവാക്കൾ അവിടെ സംഘടിച്ചത്. ഭീകരരെന്നും ചാരൻമാരെന്നും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചൊതുക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ദേശീയ പതാക ഉയർത്തിപ്പിടിച്ച് അവർ നെഞ്ചുവിരിച്ചു നിന്നു.
വ്യത്യസ്തതകൾ മറന്ന് ഏക ലക്ഷൃത്തിന് വേണ്ടി ഐക്യപ്പെട്ടവരാണവർ. ബി ജെ പി നേതാക്കളുടെ മക്കൾ പോലും അക്കൂട്ടത്തിലുണ്ടെന്നതാണ് കൗതുകകരം. രക്ഷിതാക്കളുടെ രാഷ്ട്രീയ നിലപാടുകളല്ല അവരെ മുന്നോട്ടുനയിക്കുന്നത്. ഒരുവേള അവരുടെ നിലപാടുകൾക്ക് പിന്നിൽ മുതിർന്നവർ അണിചേരാൻ നിർബന്ധിതരാവുകയാണ്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതെങ്കിലും, തൊഴിലില്ലായ്മയും, നിലവിലുള്ള തൊഴിലവസരങ്ങൾ പോലും നിർമ്മിത ബുദ്ധി ( എ ഐ ) കവർന്നെടുത്തേക്കുമെന്ന ആശങ്കയും യുവാക്കളുടെ ഐക്യപ്പെടലിന് കാരണമായിട്ടുണ്ട്. അസംതൃപ്തിയിൽ കഴിഞ്ഞുവന്ന അവരുടെ വേദനയിൻമേലുള്ള മുള്ളു കുത്തലായി നിയമജ്ഞൻ്റെ കോക്രോച്ച് പരാമർശം.
കോക്രോച്ചുകളുടെ സമരം ഇത്രത്തോളം ഭീതിതമായി വളരുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരിക്കലും നിനച്ചതല്ല. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ യും ഇടത് വിദ്യാർത്ഥി സംഘടനകളും സമരം തുടങ്ങി ഏകദേശം അഞ്ച് ആഴ്ചകൾക്ക് ശേഷമാണ്, ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണർന്നപോലെ മോദി സെൽഫി വീഡിയോ പങ്കുവെച്ചത്. യുവാക്കളുടെ ദുരിതത്തിൽ വേദനയുണ്ടെന്ന് ഏറ്റുപറഞ്ഞ മോദി, പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 2014-ൽ അധികാരത്തിലേറിയതുമുതൽ ഏകാധിപത്യം പുലർത്തിയിരുന്ന മോദിയുടെ അനിവാര്യമായ കീഴടങ്ങലാണിത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ അചിന്തനീയമായിരുന്ന കാര്യമാണിത്. അവസാന നിമിഷം വരെ സംരക്ഷിച്ച് നിർത്തിയ ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി മോദിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.
മോദിക്കെതിരായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് വലിയ പരാജയമാണെന്ന് വീണ്ടും തെളിയിക്കപ്പെടുന്നതാണ് ഈ സന്ദർഭം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ കഴിവുകേടും തുറന്നു കാണിക്കപ്പെട്ടു. ദേശീയ തലത്തിൽ തന്നെ വൻ പ്രക്ഷോഭമായി ഉയർത്തിക്കൊണ്ടു വരാമായിരുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ പൊതു ചർച്ചകളും സംവാദങ്ങളും വിഘടിതമായ ചെറു സമരങ്ങളുമായി ചുരുക്കിക്കളഞ്ഞു. ഇന്ത്യ മുന്നണി പേരിനെങ്കിലും നിലവിലുണ്ടായിട്ടും ഇതര പാർടികളെ ഈ വിഷയത്തിൽ ഒന്നിച്ചു നിർത്താൻ പരിശ്രമിച്ചില്ല. ഒടുവിൽ സി പി എം ഉൾപ്പെടെയുള്ള ഇടതു പക്ഷ പാർട്ടികളും അവരുടെ വിദ്യാർഥി സംഘടനകളും സ്വന്തം നിലയിൽ പ്രക്ഷോഭത്തിനിറങ്ങുകയും ജന്തർ മന്തർ സമരത്തിന് ഐക്യദാർ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ മർദ്ദനമുണ്ടായപ്പോൾ, ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാവുമെന്ന ബോധ്യത്തിലാണ്, മല്ലികാർജുൻ ഗാർഗെയുടെ പിറന്നാൾ ആഘോഷിക്കാൻ ഡൽഹിയിൽ ഒത്തുകൂടിയ കോൺഗ്രസ് നേതാക്കൾ സമരത്തിനിറങ്ങിയത്. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു പോലും അതുവരെ സമര രംഗത്ത് കാര്യമായി ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത.
യുവാക്കളുടെ ശക്തി ആദ്യമായി പരീക്ഷിക്കപ്പെടാൻ പോകുന്നത് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പുകളിലാണ്. പ്രത്യേകിച്ച് ജനസംഖ്യയിൽ മുന്നിലുള്ള ഉത്തർപ്രദേശ്, പഞ്ചാബ്, മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് എന്നിവിടങ്ങളിൽ. ഉത്തർപ്രദേശിലും ഗുജറാത്തിലും ബിജെപിയാണ് ഭരിക്കുന്നത്. 2029-ലെ ദേശീയ തിരഞ്ഞെടുപ്പിലും യുവാക്കൾ മോദിക്ക് വലിയൊരു ഭീഷണിയാകും. കോക്രോച്ച് ജനതാ പാർടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേരിട്ട് ഇറങ്ങുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ശക്തമായി കൂടെയുണ്ടായിരുന്ന ഇടതു കക്ഷികളോട് ചേർന്നു നിൽക്കാനാണ് സാധ്യത.
യുവ വോട്ടർമാർ ഇതുവരെ മതപരമോ ജാതീയമോ ആയാണ് വോട്ട് ചെയ്തിരുന്നതെന്നത് ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ, വിജയ് സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിച്ച് മുഖ്യമന്ത്രിയായി. ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെൻസി’ (Gen Z) ആരാധകരുടെ പിന്തുണയാണ് വിജയ് യുടെ വിജയത്തിന് സഹായകമായത്. തിരഞ്ഞെടുപ്പ് വിജയത്തിന് വർഷങ്ങളുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമൊന്നും വേണ്ടെന്ന് അർത്ഥം.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി, തെറ്റുകൾ അപൂർവ്വമായി മാത്രം സമ്മതിക്കുന്ന, ശക്തനും ഉറച്ച നിലപാടുമെടുക്കുന്ന നേതാവായാണ് മോദി നിലകൊണ്ടത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി മന്ത്രിമാരെ രാജി വെപ്പിക്കുന്ന സമരങ്ങളെ മോദി പ്രതിരോധിച്ചുനിന്നു. വിവാദമായ കാർഷിക നിയമങ്ങൾ 2021-ൽ പിൻവലിക്കുന്നതിന് മുൻപ് കർഷകർക്ക് ഏകദേശം ഒരു വർഷത്തോളം സമരം ചെയ്യേണ്ടി വന്നു. ഇനിയുള്ള കാലം അത് സാധ്യമല്ല എന്ന ഭയം മോദിയിൽ വളർന്നിരിക്കുന്നു.
രാജ്യത്തെ യുവ സമൂഹത്തെ പരിഗണിക്കാതെ ഒരു സർക്കാറിനും രാഷ്ട്രീയ കക്ഷിക്കും ഇനി മുന്നോട്ടു പോകാനാവില്ല. അദൃശ്യമായ ഒരു ലോകത്തിരുന്ന് അവർ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിഗമനങ്ങളിൽ എത്തുന്നുണ്ട്. ഒരൊറ്റ ടെക്സ്റ്റ് മെസേജുകൊണ്ട് അവർ രാജ്യത്ത് എവിടെയും ഒത്തുകൂടും. ആവശ്യം നേടിയെടുക്കാൻ ഏതറ്റം വരെയും പോകും. അധികാരത്തോടോ പദവിയോടോ അവർക്ക് കൊതിയോ അന്ധമായ ബഹുമാനമോ ഇല്ല.കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ചാവേളകളിലെ അവരുടെ ശരീര ഭാഷയിൽ അത് കണ്ടു. ചർച്ചയ്ക്ക് മന്ത്രിമാരുടെ വസതികളിലേക്ക് വരില്ലെന്നും സമര വേദിയായ ജന്തർ മന്തറിലേക്ക് സർക്കാർ പ്രതിനിധികൾ വരട്ടെ എന്നുമുള്ള നിലപാടിലും അതുണ്ട്. ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി അംഗീകരിച്ചില്ലെങ്കിൽ, പ്രധാനമന്ത്രിയുടെ രാജി എന്ന ആവശ്യത്തിലേക്ക് കടക്കും എന്ന ഭീഷണിയിലും യുവാക്കൾ തങ്ങളുടെ പ്രകൃതം കാട്ടി.
പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക ഘട്ടമാണ്. ‘ജെൻസി’കൾ എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് മോദിക്ക് കൃത്യമായ ധാരണയില്ലെന്ന് ഈ പ്രക്ഷോഭം കാണിക്കുന്നു. രാഷ്ട്രീയ ചർച്ചകൾ കൂടുതലും നടക്കുന്ന ‘എക്സ്’ (X) പോലുള്ള പ്ലാറ്റ്ഫോമുകളെ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ ഡിജിറ്റൽ രാഷ്ട്രീയ തന്ത്രം. എന്നാൽ ഇപ്പോൾ ചർച്ചകൾ ഇൻസ്റ്റാഗ്രാമിലേക്ക് മാറി. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിക്കുകയും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ബിജെപിക്ക്, വർഷങ്ങൾ കൊണ്ട് നേടാനായത് 10 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ മാത്രമാണ്; എന്നാൽ സിജെപിക്ക് വെറും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ ഇരട്ടിയിലധികം ഫോളോവേഴ്സിനെ ലഭിച്ചു. യുവാക്കളിലേക്ക് ‘ഇടിച്ചു കയറുക’ എന്ന ലക്ഷ്യത്തിലാണ് തൻ്റെ മന്ത്രിമാരോട് ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ മോദി നിർദ്ദേശിച്ചിരിക്കുന്നത്.
സർക്കാരിനെ ചോദ്യം ചെയ്യുന്നവരുടെ നിരയിൽ ഇപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ കണ്ണി ചേർന്നു കഴിഞ്ഞു. ചോദ്യം ചെയ്യാൻ കൂടുതൽ ആളുകൾ സധൈര്യം മുന്നോട്ടുവന്നു തുടങ്ങി. ജന്തർ മന്തർ പ്രക്ഷോഭം ഒരു പാഠമാണ്. തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ടുപോകണമെന്ന പാഠം.
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ’
