തൃശൂര്‍:തന്റെ കൈകള്‍ എല്ലാ കാലത്തും ശുദ്ധമാണെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പിണറായി വിജയന്. മകൾ വീണയ്ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
എന്റെ കൈകളില്‍ കറപുരളിക്കാമെന്ന് മാമന് മാത്യുവോ മനോരമയോ കരുതേണ്ട. മലയാള മനോരമ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത്.പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്ന് മനോരമ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍ സ്പീക്കര്‍ ഷംസീറിനെതിരെയുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശം അസംബന്ധമാണെന്നും അവജ്ഞാപൂർവ്വം പാർട്ടി തള്ളിക്കളയുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിലൂടെ വളർന്നു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

