കോഴിക്കോട്: കോഴിക്കോട് നിന്നും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ഡീലക്സ് ബസ് കർണാടകയിലെ രാംനഗറിൽ വെച്ച് അപകടത്തിൽ പെട്ട് കണ്ടക്ടറും ഡ്രൈവറും മരിച്ചു. കണ്ടക്ടർ അരുൺ ഡ്രൈവർ മിഥിലേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 നാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി അറിയുന്നു. നാലു പേരുടെ നില ഗുരുതരമാണ്.
അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിച്ചതിന്റെ ആഘാതത്തിൽ ബസ്സ് റോഡിലേക്ക് മറിയുകയും വശങ്ങളും മുൻഭാഗവും പൂർണ്ണമായും തകരുകയും ചെയ്തു.
അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്.
