കോഴിക്കോട് : വിങ്ങുന്ന മനസ്സിന് മുഖാവരണമണിഞ്ഞ്, സർക്കസ് തമ്പുകളിൽ ചിരി പടർത്തിയവർ ചിരിയും കണ്ണീരും കിനാക്കളും കൂടിക്കലർന്ന വാർത്താ ചിത്രങ്ങളുടെ ലോകത്തേക്ക് കവാടം തുറന്നപ്പോൾ കോഴിക്കോട് ലളിത കലാ ആർട്ട് ഗാലറി കലയും ജീവിതവും തമ്മിലുള്ള സംവാദ വേദിയായി.
കോഴിക്കോട്ടെ ഫോട്ടോ ജേർണലിസ്റ്റുകൾ ലളിത കലാ ആർട് ഗാലറിയിൽ ഒരുക്കിയ തങ്ങളുടെ ഫോട്ടോ പ്രദർശനത്തിന് ഉദ്ഘാടകരായി കണ്ടെത്തിയത് അർഥപൂർണ്ണമായ തിരഞ്ഞെടുപ്പായിരുന്നു – ക്യാമറയെന്ന ആവരണത്തിന്ന് പിന്നിൽ മുഖം മറച്ച് ജീവിതം പകർത്തുന്നവരെന്ന താദാത്മൃപ്പെടൽ.
‘ബിയോണ്ട് വേർഡ്സ് ‘ എന്ന് പേരിട്ട വാർത്താ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത് ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്നായിരുന്നു.
പൊതു ഇടത്തിൽ നിന്ന് തഴയപ്പെടുന്നവരാണ് തങ്ങളെന്നും ജീവിതത്തിൽ ആദ്യമായാണ് ഒരു ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതെന്നും മുതിർന്ന സർക്കസ് കലാകാരനായ തുളസീദാസ് ചൗധരി പറഞ്ഞു.

വിവിധ കാലങ്ങളിൽ പത്രത്താളുകളിലൂടെ വായനക്കാരുടെ മനസ്സിൽ പതിഞ്ഞ ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുപ്പതോളം ഫോട്ടോ ജേർണലിസ്റ്റുകളുടെ ഫോട്ടോകൾ പ്രദർശനത്തിലുണ്ട്. ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറമാണ് സംഘാടകർ.
ഗ്രോ വാസു ചടങ്ങിൽ മുഖ്യാതിഥിയായി. കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ എം.ടി. വിധുരാജ്, ജോയിൻ്റ് സെക്രട്ടറി കെ. രാഗേഷ് , ട്രഷറർ രമേശ് കോട്ടൂളി, പ്രസ്ക്ലബ് പ്രസിഡൻ്റ് ഇ പി മുഹമ്മദ്, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, മാധ്യമം ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാൻ, സാംസ്കാരിക പ്രവർത്തകൻ ജയന്ത് കുമാർ , അഡ്വ. എം.രാജൻ, മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, എസ്. രമേശ് കുറുപ്പ്, പി.എൻ. ശ്രീവത്സൻ, പി.ജെ.ഷെല്ലി, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന പ്രദർശനം ആഗസ്റ്റ് 23 ന് സമാപിക്കും.

