തിരുവനന്തപുരം: സിവിൽ സപ്ലൈസ് വകുപ്പ് ഓണക്കാലത്ത് കള്ളക്കണക്ക് അവതരിപ്പിച്ച് പി ആർ വർക്ക് നടത്തുകയാണെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.
കച്ചവടം 200 കോടി പിന്നിട്ടു, 300 കോടിയിലേക്ക് പോകുന്നു തുടങ്ങി സോഷ്യൽ മീഡിയ കാർഡുകൾ സർക്കാർ തന്നെ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞവർഷം ഓണ സീസണിൽ സപ്ലൈകോയുടെ കച്ചവടം 387 കോടിയായിരുന്നു. 57 ലക്ഷം ആളുകൾ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങി. ഓണം സീസൺ അവസാനിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെ ഈ വർഷം ഇതുവരെ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങിയത് 30 ലക്ഷത്തോളം പേരാണ്. കഴിഞ്ഞവർഷത്തേതിന്റെ പകുതി.
പൊതുവിപണിയിൽ പഞ്ചസാരയുടെയും അരിയുടെയും പലവ്യഞ്ജനങ്ങളുടെയും ഉൾപ്പെടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നിരിക്കുന്നു. പഞ്ചസാരയുടെ വില 80 രൂപയ്ക്ക് അടുത്തെത്തി.
കഴിഞ്ഞവർഷം വരെ റേഷൻ കടകൾ വഴി നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസക്ക് ഓണക്കാലത്ത് നല്ല നിലവാരമുള്ള 10 കിലോ അരി നൽകിയിരുന്നു. ഇപ്പോൾ അതിന്റെ വില 26 രൂപയാണ്. കിലോയ്ക്ക് 15 ൽ അധികം രൂപയുടെ വർദ്ധനവ്. കൂടാതെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 26 രൂപയ്ക്ക് 20 കിലോ അരി വരെ വാങ്ങാൻ കഴിയുമായിരുന്നു. ആ പദ്ധതിയും ഇപ്പോൾ നിലച്ച മട്ടാണ്. ഭൂരിഭാഗം സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ സ്റ്റോക്കില്ല എന്ന് മാധ്യമങ്ങൾ തന്നെ പറയുന്നു. റേഷൻ കടകളിലാകട്ടെ ഓണക്കിറ്റുകൾ പൂർണ്ണമായി എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

