കണ്ണൂർ: ഇടതുപക്ഷ വേഷമണിഞ്ഞ് വലതുപക്ഷത്തിന് സേവനം ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് പിണറായി വിജയൻ. അവരുടെ ആക്രമണമാവും കൂടുതൽ മാരകമാവുക. കപട ഇടതു പക്ഷക്കാരുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് ശ്രദ്ധിക്കണം. കോൺഗ്രസ്സും ബി ജെ പിയും പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചിട്ടുണ്ട്. തുടർ ഭരണം അപകടകരമാണെന്ന് അവരെ നോക്കി പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ നോക്കി മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത് ഇടതുപക്ഷത്തോടുള്ള സ്നേഹം കൊണ്ടാണെന്ന് കരുതേണ്ട. അതി തീവ്ര ഇടതുപക്ഷ സാഹസികരായി നടിക്കുന്നവരെ ഒടുവിൽ അതി തീവ്ര വലതുപക്ഷത്ത് കാണാനാവും.
ഇടതുപക്ഷ മനസ്സിനെ തകർക്കാൻ പല ആയുധങ്ങൾ കണ്ടെത്തും. പ്രത്യയശാസ്ത്രം കൊള്ളാം പാർട്ടി സംഘടന കൊള്ളില്ല ; പഴയ നേതാക്കൾ കൊള്ളാം പുതിയ നേതാക്കൾ കൊള്ളില്ല തുടങ്ങിയ വിലയിരുതലുകൾ ഇതിൽ പെടും. ഇ എം എസ്സും എ കെ ജിയും പാർട്ടിയെ നയിച്ചിരുന്ന കാലത്ത് അവരെ കുറിച്ചും പറഞ്ഞത് നല്ലതായിരുന്നില്ല. ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവൻ ആക്ഷേപിക്കും മരിച്ചുകഴിഞ്ഞാൽ വാഴ്ത്തും. ഇടതുപക്ഷത്തേയും കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സിനേയും തകർക്കുക എന്നതാണ് ലക്ഷ്യം. ഇത് മനസ്സിലാണി പ്രവർത്തിക്കുക എന്നത് ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
