കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എ.കെ. ശശീന്ദ്രൻ തന്നെ വരണമെന്ന ആവശ്യത്തിന് മണ്ഡലത്തിൽ ശക്തിയേറുന്നു. എ.കെ ശശീന്ദ്രൻ നടത്തിയ വികസന പ്രവർത്തനങ്ങളും അഴിമതിക്കെതിരെയുള്ള കർശന നിലപാടുകളുമാണ് അദ്ദേഹത്തെ മണ്ഡലത്തിൽ സ്വീകാര്യനാക്കുന്നത്.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ എലത്തൂരിൽ ശശീന്ദ്രന്റെ വികസനത്തുടർച്ചയും രാഷ്ട്രീയ പക്വതയും അനിവാര്യമാണെന്നാണ് പ്രാദേശിക ഘടകങ്ങളുടെ വിലയിരുത്തൽ.
മണ്ഡലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സി.പി.എമ്മിനും ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനോടാണ് താല്പര്യം. കഴിഞ്ഞ മൂന്ന് വട്ടവും റെക്കോർഡ് ഭൂരിപക്ഷത്തിൽ ശശീന്ദ്രനെ വിജയിപ്പിച്ച എലത്തൂരിലെ സാധാരണക്കാരായ പ്രവർത്തകർ അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നതും എതിർ പക്ഷത്തിൻ്റെ നീക്കങ്ങളുടെ മുനയൊടിക്കുന്നു.
മണ്ഡലത്തിലെ പ്രാദേശിക വികസന കാര്യങ്ങളിൽ കാട്ടുന്ന ജാഗ്രതയും മണ്ഡലത്തിലെ സാധാരണക്കാരുമായി പുലർത്തുന്ന അടുത്ത ബന്ധവും എ.കെ ശശീന്ദ്രന് അനുകൂലമായ ഘടകങ്ങളാണ്.
തുടർച്ചയായി എ.കെ. ശശീന്ദ്രൻ തന്നെ എലത്തൂരിൽ നിന്നുള്ള സ്ഥാനാർത്ഥിയായി വരുന്നതിൽ അദ്ദേഹത്തിൻ്റെ പാർട്ടിയിൽ എതിർപ്പുണ്ട്.
മണ്ഡലത്തിന് പുറത്തു നിന്നുള്ള എൻ.സി.പിയിലെ ചില നേതാക്കളാണ് അദ്ദേഹത്തിനെതിരെ പടയൊരുക്കം നടത്തുന്നതെന്നാണ് താഴെ തട്ടിലുള്ള പ്രവർത്തകർ ചുണ്ടിക്കാട്ടുന്നത്. മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യമോ വികസന പശ്ചാത്തലമോ അറിയാത്ത ചില വ്യക്തികൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനായി സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നത് പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

അഴിമതിയുമായി യാതൊരുവിധ സന്ധിയും ചെയ്യാത്ത ശശീന്ദ്രന്റെ കർക്കശമായ നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്ക് അദ്ദേഹം അനഭിമതനാവുന്നതിന് കാരണമെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം. ശശീന്ദ്രൻ നടപ്പിലാക്കിയ വലിയ വികസന പദ്ധതികൾ പൂർത്തിയാക്കാൻ അദ്ദേഹം തന്നെ വേണമെന്നും അവർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38,000-ത്തിന് മുകളിൽ വോട്ടിനാണ് ശശീന്ദ്രൻ വിജയിച്ചത്.
പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന് പ്രവർത്തകർ ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എലത്തൂർ മണ്ഡലം കമ്മിറ്റി ഇതിനോടകം തന്നെ ശശീന്ദ്രനെ പിന്തുണച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ യഥാർത്ഥ വോട്ടർമാരുടെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെ എടുക്കുന്ന ഏത് തീരുമാനവും തിരിച്ചടിയാകുമെന്ന സന്ദേശമാണ് താഴെത്തട്ടിൽ നിന്ന് ഉയരുന്നത്.
