കോഴിക്കോട്: ബാംഗളൂർ ബിഡതിയിൽ കേരള കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ട അപകത്തിലേക്ക് നയിച്ചത് മുട്ടയേറാണെന്ന സംശയം ബലപ്പെടുന്നു.
അജ്ഞാതർ ബസിന് നേരെ മുട്ടയെറിഞ്ഞതിനെ തുടർന്ന് കാഴ്ചതടസ്സപ്പെട്ട് നിയന്ത്രണം നഷ്ടമായതാണോ അപകടത്തിന് കാരണമായതെന്ന സംശയത്തിലാണ് അധികൃതർ. ബുധനാഴ്ച ബാംഗ്ലൂർ കാസറഗോഡ് കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസിന് നേരെ ബിഡതിക്ക് സമീപം വെച്ച് മുട്ടയേറ് ഉണ്ടായതാണ് സംശയം ബലപ്പെടുത്തുന്നത്.
കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ അപകടത്തിൽ പെട്ട ബസ് അമിതവേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവർക്ക് കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും ഡ്യൂട്ടി ഷെഡ്യൂളിൽ വീഴ്ചകളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതകൾ ഉൾപ്പെടെയുള്ള മറ്റ് ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്ന സംശയത്തിലേക്ക് അന്വേഷണം നീണ്ടത്.
ബസിന്റെ വിൻഡ്ഷീൽഡിൽ ആദ്യത്തെ മുട്ട പതിച്ച ഉടൻ തന്നെ ഡ്രൈവർ സമയോചിതമായി ബസിന്റെ വേഗത കുറച്ചതിനാലാണ് ബാംഗ്ലൂർ കാസർകോട് ബസ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്.
ചില്ലിൽ വീണ്ടും മുട്ടകൾ വീണെങ്കിലും വൈപ്പർ ഉപയോഗിക്കാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മുട്ട വീഴുമ്പോൾ വൈപ്പർ പ്രവർത്തിപ്പിച്ചാൽ ചില്ല് പൂർണ്ണമായും മങ്ങുകയും കാഴ്ച പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്യുമായിരുന്നു.
ദേശീയപാതകളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് നേരെ മുട്ടയെറിഞ്ഞ്, കാഴ്ച മറച്ച ശേഷം അപകടത്തിൽ പെടുത്തി കൊള്ളയടി നടത്തുന്ന സംഘങ്ങൾ മുൻപും സജീവമായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാധ്യത മുൻനിർത്തിയാണ് കർണാടക പോലീസും കേരള മോട്ടോർ വാഹന വകുപ്പും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
അപകടത്തിൽപ്പെട്ട ബസിന്റെ വിൻഡ്ഷീൽഡിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ബിഡതി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
