കോഴിക്കോട് : കോഴിക്കോട് ടൗൺ ഹാളിൽ സ്ഥാപിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഛായാ ചിത്രത്തിലെ കണ്ണുകളിൽ ഒന്ന് ബഷീറിൻ്റേതല്ല. ചിത്രം വരച്ച പ്രശസ്ത ഫോട്ടോ ഗ്രാഫറും ചിത്രകാരനുമായ ഷാജു ജോണാണ് ഇക്കാര്യം സാമൂഹ്യ മാധ്യമ കുറിപ്പിൽ ‘വെളിപ്പെടുത്തുന്നത്’. ഒരു ഛായാചിത്ര കഥ എന്ന തലക്കെട്ടിൽ
ഷാജു ജോൺ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചുവടെ:
മുപ്പത്തിരണ്ടു വർഷം മുന്നേയുള്ള മീശ മുളക്കാത്ത ഒരു വരകാരന്റെ അനുഭവകഥയാണ് . കോഴിക്കോട് ടൗൺ ഹാൾ പരിസരത്ത് വരുമ്പോൾ അക്കഥ ഓർമ്മവരും ഇപ്പോൾ ഇതെഴുതുവാനുള്ള കാരണം ഒരു “പാര”യായി ഇതിൽ അവസാനം കൊടുക്കുന്നു.
ബേപ്പൂർ സുൽത്താനാണ് കഥയിലെ നായകൻ സുൽത്താനെ വീട്ടിൽ പോയിട്ടോ അദ്ദേഹത്തെ അടുത്തെങ്ങുമോ കണ്ടു പരിചയമില്ല. അങ്ങകലെ ഒരു സ്റ്റേജിൽ മാത്രമേ ഉയിരോടെ കാണാൻ ഭാഗ്യം കിട്ടിയിട്ടുള്ളൂ. എന്നാൽ ആ മഹാത്മാവ് ഇഹലോകം വിട്ടുപോയപ്പോൾ മാത്രമാണ് ഞാൻ ക്യാമറ പ്രവർത്തിപ്പിക്കാൻ തുടങ്ങുന്നതും നിർഭാഗ്യവാനായ എനിക്ക് ആ മഹാ ദേഹത്തെ അടുത്ത് കാണാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞുള്ളൂ. (വെളിച്ചം കാണാത്ത ആ ചിത്രങ്ങൾ പിന്നൊരിക്കൽ പരസ്യപ്പെടുത്താം )
ആക്കാലത്ത് ആത്മാക്കളെ ക്യാൻവാസിൽ വരച്ച് ഭിത്തിയിൽ കേറ്റുന്ന സവിശേഷ തൊഴിൽ വശമായിരുന്നു എനിക്ക്. ഈ “തലവര ”ആയിരുന്നു ആ കാലത്ത് എന്റെ കോളേജ് വിദ്യാഭ്യാസം സുഗമമാക്കിയിരുന്നത്.
സുൽത്താന്റെ വേർപാടിന് ഒരാഴ്ചക്കു ശേഷം രണ്ടു നീണ്ട മനുഷ്യർ നഗര മദ്ധ്യേയുള്ള എന്റെ മാളത്തിലേക്കു തലയിട്ട് “ഷാജൂജോൺ ഉണ്ടോ” എന്ന് തിരക്കുന്നു !. “അതേ ഞാനാണ് .“
അഴിഞ്ഞ മുണ്ട് വലിച്ചുടുത്ത് ഉച്ചകഞ്ഞിക്കുള്ള പച്ചപ്പയർ ഒടിച്ചുകൊണ്ടിരുന്നിടത്തു നിന്നും എഴുന്നേറ്റ് ചെന്ന് ഈ ഞാനും. രോമം കിളിർക്കാത്ത പച്ചയായ നെഞ്ച് കാണിച്ച് നിന്ന എന്നെ അവർ അൽപനേരം തുറിച്ചു നോക്കിയ ശേഷം മാളത്തിൽ കയറിയ തലകൾ തിരികെയെടുത്തു സ്ഥലം വിട്ടു. കൗതുകത്തോടെ പുറത്തെത്തിയ എനിക്ക് നടന്നകലുന്ന രണ്ടു രൂപങ്ങൾ മാത്രം കാഴ്ചയിൽ. വിയർത്തു പോയി. ഈശ്വരാ എന്തൊരു പരീക്ഷണം…!
വീണ്ടും ദിവസങ്ങൾ രണ്ടു കഴിഞ്ഞു. . അതാ അതേ കട്ടിമീശയുള്ള മെലിഞ്ഞു നീണ്ട മനുഷ്യർ വീണ്ടും . . ഇത്തവണ അവർ ചോദിക്കാതെ തന്നെ അകത്തു കയറി വന്നു. ഒരു സ്വന്തക്കാരന്റെ അടുത്തുവന്നു എന്നപോലെയുള്ള, വരുത്തിതീർത്ത ചെറു പുഞ്ചിരിയുള്ള അവരുടെ മുഖംഭാവം കൊണ്ടാവാം ഇത്തവണ തെല്ലും ഭയം തോന്നിയില്ല.
“താങ്കളാണോ ചിത്രം വരയ്ക്കുന്ന ഷാജു ജോൺ?“ വീണ്ടും എന്റെ നേരെ ആ പഴയ ചോദ്യം വിശേഷണത്തോടെ . ”അതേ വരക്കാറുമുണ്ട് “ എന്ന് ഞാനും. റൂമിൽ ചിത്രങ്ങളൊന്നും കാണാത്തതിനാലാണ് കഴിഞ്ഞ ദിവസം മടങ്ങി പോയതത്രേ . അങ്ങനെ പോലും ഒരു വര യന്റെ ലക്ഷണം അവർ അനുഭവിച്ചില്ല എന്നതാവാം ഉദ്ദേശിച്ചത്.
“ഒകെ വന്നത് ? “
”ഞങ്ങൾ പുനലൂർ രാജൻ പറഞ്ഞിട്ടു വരികയാണ് ബാങ്ക് മെൻസ് ക്ലബ് ഭാരവാഹികളാണ്. . വൈക്കം മുഖമ്മദ് ബഷീറിന്റെ ഒരു ഫോട്ടോ ടൗൺ ഹാളിൽ വെക്കണം, അതിനായി അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന് വളരെയേറെ നിർബന്ധം അത് വെറുമൊരു ഫോട്ടോ ആകരുത്, വരച്ച എണ്ണച്ഛായ ചിത്രം ആകണം എന്ന്. ഷാജുവിനെയാണ് അദ്ദേഹം നിർദേശിച്ചത്. കഴിഞ്ഞ ദിവസം വന്നപ്പോൾ ഞങ്ങൾ സംശയിച്ചു മടങ്ങി പോയതാണ്“
ചെറിയൊരു ജാള്യചിരി മുഖത്തുള്ളത് മറക്കാതെ ഒരദ്ദേഹം തുടർന്നു
”നിങ്ങൾ കണ്ട പയ്യൻ തന്നെയാണ്, അയാളെ ഏല്പിക്കൂ എന്ന് പറഞ്ഞ് രാജേട്ടൻ ഞങ്ങളെ തിരികെ അയച്ചിട്ടാണ് ഇപ്പോൾ വീണ്ടും വരുന്നത്“ . ഒരു ഫുൾസ്റ്റോപ്പ് ഇട്ട് അദ്ദേഹം എന്നെ തന്നെ തറച്ച് നോക്കി.
എന്റെ ഈ രൂപത്തിന് ഒരു മഹാ പിശക് ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ ഭീകര മുഹൂർത്തമായിരുന്നു അത്. സീബ്രക്ക് വരകൾ പോലെയും പുലിക്ക് പുള്ളികൾ പോലെയും വരക്കാരന് ചില അടയാളങ്ങൾ പ്രകൃതി കൊടുത്തിട്ടുണ്ട് എന്നാണ് ഇവർ ധരിച്ചു വെച്ചത് എന്നറിഞ്ഞ ഞാൻ ഉടൻ തന്നെ സ്വതവേ എന്നിൽ ഇല്ലാത്ത ഒരു ശ്രീനിവാസൻ ഗൗരവം മുഖത്തു വരുത്തി “എന്നാണ് നിങ്ങൾക്ക് ചിത്രം വേണ്ടത് ?” എന്ന് ചോദിച്ചു . മൂന്ന് ദിവസമേ ഉള്ളൂ അതിനുള്ളിൽ വേണമെന്നു മറുപടി . എണ്ണച്ഛായാചിത്രം അതിന്റെ സാങ്കേതികത എന്തെന്നു വലിയ പിടിപാടുള്ള ആൾകാരല്ല നിങ്ങൾ എന്ന് ഒരു തത്വചിന്താ ഭാഷയിൽ അവരെ പറഞ്ഞു ധരിപ്പിക്കാൻ ആയി പിന്നെ എന്റെ ശ്രമം. അങ്ങനെയെങ്കിലും അവർ എന്നെ ഒരു വരയൻ ആയി കാണാൻ ഇടയാവട്ടെ.
“ഷാജു പറയുന്നത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്, പക്ഷേ ..,ഒരു ഫോട്ടോ ആയിരുന്നു മനസ്സിൽ അങ്ങനെയാണ് ബാക്കി കാര്യങ്ങളും പ്ലാൻ ചെയ്തത് . അനശ്ചാദന ദിവസവും ആളും ഒക്കെ ഉറപ്പിച്ചു പോയി രാജേട്ടനാണെങ്കിൽ ഫോട്ടോ വെക്കാനൊട്ടു സമ്മതിക്കുന്നുമില്ല. ഷാജു എങ്ങനെയെങ്കിലും സഹായിക്കണം.“
അവരുടെ ബഡ്ജറ്റ് കൂടി ഒപ്പം അറിയിച്ചു.
വരപ്പ് എന്നത് ഒരു ബിസിനസ് ആക്കി എടുത്തിട്ടില്ല എന്നുള്ളതാവാം പ്രതിഫലത്തിന്റെ തോതിനു ഞാൻ കാത് കൊടുത്തില്ല.
-പുനലൂർ രാജൻ എന്ന മഹാനായ പൊട്രൈറ്റ് ഫോട്ടോഗ്രാഫർ അതും ബഷീറിന്റെ സ്വന്തം ആൾ – എന്നെ വിശ്വസിച്ച് ഏല്പിച്ച ജോലി മാത്രമായിരുന്നു മനസ്സിൽ.
ശ്രമിക്കാം എന്ന് പറഞ്ഞ് അവരെ അയച്ചയുടൻ തിരുവണ്ണൂരിലുള്ള രാജേട്ടന്റെ വീട്ടിലേക്ക് ഞാൻ പുറപ്പെട്ടു .
ഒരു ഫോട്ടോഗ്രാഫർ എന്നതിനേക്കാൾ ചിത്രകാരൻ എന്ന നിലയിലാണ് എന്നെ അദ്ദേഹം ചേർത്തു നിർത്തിയിട്ടുള്ളത് (അദ്ദേഹവുമായുള്ള എന്റെ അടുപ്പം കണ്ട് രാജേട്ടന്റെ ഭാര്യ പലപ്പോഴും പറയാറുണ്ട് “അത്ഭുതമാണ്. ഷാജുവിനോട് മാത്രമാണ് ഇത്രയധികം മനസ്സ് തുറക്കുന്നതും ഇങ്ങനെ ദീർഘകാലം വഴക്കില്ലാതെ പോകുന്നതും എന്ന്. എല്ലാവരോടും നിസ്സാര കാര്യങ്ങൾക്ക് വഴക്കിടും.“ അതെ , അദ്ദേഹം ഒരു പ്രത്യേക, സ്നേഹമുള്ള മനസ്സിന് ഉടമയായിരുന്നു. )
തുടർന്ന് രാജേട്ടനും എന്നോട് ടൗൺഹാളിലേക്ക് വേണ്ട പോട്രൈറ്റ് വരയുടെ കാര്യങ്ങൾ വിവരിക്കുന്നു.
“കടൽത്തീരം അടുത്തുള്ളതിനാൽ ഫോട്ടോ പ്രിന്റ്റുകൾ എങ്ങിനെ വെച്ചാലും നശിച്ചു പോകും, ബഷീർ എന്ന വലിയ മനുഷ്യന് അർഹിക്കുന്ന ആദരം കൊടുക്കണം, അതുകൊണ്ട് അത് വരച്ച് തന്നെ വെക്കണം “
അതൊരു സ്റ്റേറ്റ്മെന്റ് പോലെ എന്റെ മനസ്സിൽ കയറി. ബഷീറിന്റെ ആത്മാവ് അറിഞ്ഞ ഫോട്ടോഗ്രാഫർ അത് പറയുമ്പോൾ എനിക്ക് രാജേട്ടനോടുള്ള ആരാധന ഇരട്ടിക്കുകയായിരുന്നു. ആ വലിയ കാര്യത്തിൽ നറുക്ക് വീണത് ഇന്നലെ മാത്രം ബ്രഷ് കയ്യിലെടുത്ത ഈ ഞാൻ ആണല്ലോ എന്നോർത്തപ്പോൾ എന്റെ ഉത്തരവാദിത്വം എത്ര വലുതാണ് എന്നാണ് ചിന്തിച്ചത്. ഉടൻ അദ്ദേഹത്തിന്റെ ബഷീർ കളക്ഷൻ എന്റെ മുന്നിൽ നിരത്തി. ബേപ്പൂർ സുൽത്താന്റെ ഇഷ്ടപ്പെട്ട ഒരു ചിത്രം ഞാൻ തിരഞ്ഞെടുത്തു അതിനുള്ള കാരണവും ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. രാജേട്ടനും അത് സമ്മതമായി. (ചിത്രത്തിൽ ഒരു ന്യൂനതയുള്ളത് വരും വരികളിൽ. )
ആക്കാലത്തെ എന്റെ “സർവ്വ ” ഗുരുവായ പോൾ കല്ലാനോട് മാഷിനോട് വിവരങ്ങൾ പറഞ്ഞു . “മറ്റ് ശല്യങ്ങൾ ഉണ്ടാവില്ല, നീ നമ്മുടെ വീട്ടിൽ വെച്ച് വരച്ച് കൊള്ളൂ ” എന്ന് അദ്ദേഹം ഉപദേശിച്ചു . ബഷീറിന്റെ ഉള്ളറിഞ്ഞ സാഹിത്യ,കലാകാരനായ പോൾ മാഷിന്റെ സാന്നിധ്യവും എനിക്കനുഗ്രഹം ആകുമല്ലോ എന്നും ഞാനാശ്വസിച്ചു. വെറുംമൂന്ന് നാലുദിവസമാണ് മുന്നിൽ. അന്ന് വൈകിട്ട് തന്നെ വേണ്ടുന്ന ക്യാൻവാസ് “വിൻസർ ആൻഡ് ന്യൂട്ടൻ ” ബ്രാൻഡ് കളർ എല്ലാം വാങ്ങി പോൾ മാഷിന്റെ വീട്ടിൽ പണിപ്പുര ഒരുക്കി.
എന്നെ ഇങ്ങനൊരു “ഭാരിച്ച ചുമതല” ഏല്പിച്ച ബാങ്ക്മെൻസ് ഭാരവാഹികൾക്ക് അപ്പോഴും എന്റെ മേലുള്ള സംശയം മാറിയിരുന്നില്ല. അതിനാൽ അവർ എപ്പോഴും എന്റെ പിന്നിൽ തന്നെ നീണ്ട തൂണുകളായി നിലയുറപ്പിച്ചു. പ്രാരംഭ സ്കെച്ച് തയ്യാറാക്കൽ തുടങ്ങി . ചോദ്യങ്ങളോ മറ്റ് അലോസരങ്ങളോ ഇല്ലായെങ്കിലും ഇടയ്ക്കിടെ പിന്നിലുള്ള തൂണുകൾവളഞ്ഞു എന്റെ തോളിനുമേൽ എത്തുന്നത് ഞാനനുഭവിക്കുന്നുണ്ടായിരുന്നു . ഇയ്യാൾക്കിതു കഴിയുമോ എന്ന വർണ്യത്തിലാശങ്കയാകണം !
പിന്നീട് മുഴുമിച്ച സ്കെച്ച് കണ്ട അവരുടെ കണ്ണുകളിൽ ഒരു ആശ്വാസതിളക്കം കണ്ടു . ബഷീർ രൂപരേഖ ആയിരിക്കുന്നു. .!
റംബ്രാൻഡിനെ മനസ്സിൽ ധ്യാനിച്ച് നിറങ്ങൾ വെക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അവരോട് അപേക്ഷിക്കേണ്ടതായി വന്നു. “ഉന്നതരായ മനുഷ്യരെ, നിങ്ങൾ ഇങ്ങനെ എന്റെ പിന്നിൽ നില കൊണ്ടാൽ എനിക്ക് അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ ഒരു പക്ഷേ ഇത് മുഴുമിക്കാൻ കഴിഞ്ഞെന്നു വരില്ല അതിനാൽ വര തീരുംവരെ എന്റെ ഏകാഗ്രതാ ചരട് മുറിയാതെ ഒന്ന് തനിയെ വിടണം ” പോൾ മാഷും ഉദാഹരണങ്ങൾ നിരത്തി അവർക്ക് ധൈര്യം കൊടുത്തു. അങ്ങനെ പാതി മനസ്സോടെ അവർ തിരികെപോയി.
രാത്രിയും പകലും ഞാൻ ലിൻസീഡ് ഓയിലിൽ മുങ്ങികുഴഞ്ഞ ന്യൂട്ടൻ നിറങ്ങളുമായി പോരാടി. ഇടയ്ക്കിടെ പാതിരാവിലെ എന്റെ മയക്കത്തിൽ ഒളിച്ചോടുന്ന സ്നേഹ നിറങ്ങളെ പകൽവെളിച്ചത്തിൽ നിഴൽ കൊടുത്തു തുറന്നു കാട്ടി. പതിയെ സുൽത്താന്റെ മസ്തകവും മൂക്കും എനിക്ക് നേരെ ഉയർന്നു വരുവാൻ തുടങ്ങി . മുൻപ് സൂചിപ്പിച്ച ആ പ്രധാനവെല്ലുവിളി അതാ മുന്നിൽ. രാജേട്ടന്റെ സുൽത്താൻ ഫോട്ടോയിൽ സുൽത്താന്റെ മുഖത്തെ പകുതി യിൽ ഇരുട്ടാണ്. കറുപ്പും വെളുപ്പും മാത്രമുള്ള ഫോട്ടോയിൽ ഒരു കണ്ണു മാത്രമേ വെളിച്ചത്തിൽ ഉള്ളൂ. കോഴിക്കോട് ബീച്ചിലെ അസ്തമയ വെളിച്ചത്തിൽ പകർത്തിയ സുൽത്താന്റെ മുഴുവൻ പ്രൗഢഭാവവും നിറഞ്ഞ ചിത്രം. പക്ഷേ നിറങ്ങളിൽ വരക്കുമ്പോൾ ഒരു കണ്ണിന്റെ സ്ഥാനത്തു കറുപ്പടിക്കാൻ പറ്റില്ലല്ലോ. ഇടതു കണ്ണു പോലെയല്ല വലതു കണ്ണ്. രണ്ടാം ദിവസവും പകുതിയായി. ഇനി ഒരു ദിവസം മാത്രം മുന്നിൽ. ബേപ്പൂർ സുൽത്താന്റെ ഒരു കണ്ണ് തേടിയുള്ള യാത്രയായി പിന്നെ. കോഴിക്കോട് നഗരത്തിൽ മിഠായി തെരുവിലൂടെ വയസ്സന്മാരുടെ നനവുള്ളകണ്ണുകൾ തേടി. .. അവസാനം പെയിന്റു കടയിലെ അപ്പാപ്പനെ ഓർമവന്നു. ഓടി അങ്ങോട്ടേക്ക്. അവിടുണ്ട് ഭാഗ്യം ! ആ മഹാ ഭാഗ്യത്തോട് ഒന്ന് പുറത്തേക്കു വരണേ എന്നപേക്ഷിച്ചു. എന്തോ പന്തികേട് തോന്നിയ ഭാഗ്യം എന്നേ സഹായിക്കാമെന്ന അലിവാർന്ന മനസ്സോടെ കൂടെ വന്നു. അതേ അസ്തമയ സൂര്യന്റെ പ്രകാശത്തിൽ അദ്ദേഹത്തിന്റെ നനഞ്ഞ രണ്ടു കണ്ണുകളും ചുറ്റുമുള്ള പേശികളും വേഗത്തിൽ സ്കെച്ച് എടുക്കുന്നു. വേണ്ടത് കിട്ടി എന്ന സന്തോഷത്തിൽ ഹിപ് ഹിപ് ഹുറയ്.. എന്ന് മനസ്സിൽ തുള്ളിചാടി വീണ്ടും പണിപ്പുരയിലെത്തി.
പിന്നെ നിറങ്ങളിലേക്ക് ഒരു എടുത്തു ചാട്ടമായിരുന്നു. വിൻസറിനെയും ന്യൂട്ടനെയും കുഴച്ചു മറിച്ചു. തേച്ചു പിടിപ്പിച്ചു . ഇരുട്ടിലായിരുന്ന ഇടതുപക്ഷത്തെ പതിയെ പതിയെ നേർത്ത നിറങ്ങളിൽ കാഴ്ചയിലെത്തിച്ചു. അത്ഭുതം! പെയിന്റ് കടയിലെ അപ്പാപ്പന്റെ കണ്ണിൽ വൈലാലിലെ സുൽത്താന്റെ ഭാവപ്രവേശം.! ഉടൻ ക്യാൻവാസിൽ പശ്ചാത്തല സംഗീതവും ഒരുക്കി , അപ്പോഴേക്കും ക്ലോക്കിൽ മൂന്നാം നാൾ പുലർച്ചെ ക്കുള്ള ആറു മണി മുഴങ്ങി. ബ്രുഷുകൾ കഴുകി റൂമിൽ പോയി പത്തുമണി വരെ മയങ്ങി. തേക്കിൽ ഫ്രെയിം തീർക്കാൻ പ്രിയ സുഹൃത്ത് ഷിനോദിനെ മുൻപേ ഏല്പിച്ചിരുന്നു. സമയത്തിന് അതും റെഡി. ഉണങ്ങാത്ത എണ്ണഛായാചിത്രം സംഘാടകർ പ്രത്യേക രീതിയിൽ ടൗൺഹാളിൽ തിരശീലക്ക് പിന്നിൽ ഒരുക്കി. ബാക്കി ഉറക്കവും തീർത്തു വൈകിട്ടു ഞാനും ചടങ്ങിലെ ആൾക്കൂട്ടത്തിൽ തിരുകി കേറി എറ്റവും പിന്നിൽ.
ബഷീറിന്റെ പ്രിയ പത്നി ഫാബി ബഷീറും മകൾ ഷാഹിനയും മകൻ അനീസ് എന്നിവർ മുന്നിൽ തന്നെ ഉണ്ടായിരുന്നു . സ്റ്റേജിൽ സുകുമാർ അഴീക്കോട് എം പി വീരേന്ദ്രകുമാർ എന്നിവർ അനാച്ഛാദന കർമം നിർവഹിക്കുന്നു. അഴീക്കോട് ചിത്രത്തിലെ മൂടുപടം വലിക്കുമ്പോൾ മുന്നിൽ നിന്നും “റ്റാ..റ്റാ.. ”എന്നൊരു നേർത്ത നിലവിളി. ഫാബിത്താത്തയാണ്. ഭർത്താവ് (റ്റാറ്റ)മുന്നിൽ വന്നു നിൽക്കുന്ന പോലെ തോന്നി വിളിച്ചു പോയതാണ് എന്ന് പിന്നീട് എന്നോട് പറയുകയുണ്ടായി. അല്പനേരത്തെ സദസ്സിലെ കയ്യടി ബഹളങ്ങൾക്ക് ശേഷം ഇതിന്റെ സംഘാടകർ സാധാരണ പതിവില്ലാത്ത ഒരു അനൗൺസ്മെന്റ് നടത്തി. ഇനി ചിത്രം വരച്ച ചിത്രകാരൻ ഒന്ന് സ്റ്റേജിലേക്ക് വരണം. ടൗൺ ഹാളിലെ നിറഞ്ഞ സദസ് കണ്ണുകൾ മുഴുവൻ ചിത്രക്കാരനെ തിരക്കുന്നു ഞാൻ സ്റ്റേജിൽ കേറി, എന്നെ സംഘാടക പ്രസിഡന്റ് ശ്രീ കെ ജെ തോമസ് പരിചയപ്പെടുത്തും വരെ സദസ്സ് അവരിൽ ചിത്രകാരനെ തേടുന്നത് എനിക്കും കാണാമായിരുന്നു.
എം പി വീരേന്ദ്ര കുമാറിൽ നിന്നും എനിക്കും കിട്ടി പൊന്നാടയും കിഴിയും. കിഴിയിൽ മുൻപ് ഓഫർ ചെയ്ത തുകയുടെ ഇരട്ടി !! . അതും സംഘടകർ മൈക്കിൽ പരസ്യപ്പെടുത്തി. അവരെ ഞാൻ കണ്ണ് തള്ളിച്ചുവത്രേ.! . (അന്ന് ബാങ്ക് മെൻസ് ക്ലബ് എനിക്ക് തന്ന തുക നഗരത്തിലെ എറ്റവും വലിയ പ്രതിഫലം ആയിരുന്നു എന്നതു മറ്റൊരു സവിശേഷത. ഒരുകൊച്ചുചിത്രകാരാനുള്ളപ്രോത്സാഹനവും ഒപ്പം രാജേട്ടന്റെ നിർദേശവും ആകാം അതിന് പിന്നിൽ എന്ന് നന്ദിയോടെ ഇപ്പോഴും സ്മരിക്കുന്നു.
പരിപാടികൾക്ക് ശേഷം കുറെയധികംപേർ എനിക്ക് ചുറ്റും കൂടി “ഞങ്ങൾ താടി മുടി വളർത്തി തോളിൽ സഞ്ചി തൂക്കിയ ചിത്രകാരനെയാണ് തിരഞ്ഞത് എന്ന്. !! ” അതായിരുന്നു ആ കാലം ആവശ്യപ്പെട്ട വരക്കാരന്റെ ലക്ഷണം
ഇന്നിപ്പോൾ ചുവരിലെ സുൽത്താനെ കാണുമ്പോൾ സങ്കടം തോന്നുന്നു . നഗരത്തിലെ പൊടിയിൽ മുങ്ങി, കൂടാതെ മറ്റ് ചിത്രങ്ങൾക്കൊപ്പം അളവ് ഒപ്പിക്കാൻ എന്റെ സുൽത്താനെ മുറിച്ചു പകപ്പെടുത്തി. ചിത്രത്തിനടിയിലെ പുതുതായി ചേർത്ത വരികൾ വായിക്കുമ്പോൾ ഖേദവും ജാള്യതയും തോന്നുന്നു . V M B
famous literature. .!
