സുനിത വില്യംസ്, ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൾ റസാഖ് ഗുർണ, അഭിജിത് ബാനർജി തുടങ്ങി നിരവധി പ്രമുഖർ അതിഥികളാകും
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്.) ഒമ്പതാം പതിപ്പിന് നാളെ (ജനുവരി 22) തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യനഗരമായ കോഴിക്കോട്, ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ജനുവരി 22 മുതൽ 25 വരെയാകും ഫെസ്റ്റിവൽ നടക്കുക. ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് കെ.എൽ.എഫിന്റെ ഭാഗമാകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒമ്പതുമാസം നീണ്ട ബഹിരാകാശവാസത്തിനുശേഷമുള്ള സുനിത വില്യംസിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഒളിമ്പ്യൻ ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൾ റസാഖ് ഗുർണ, അഭിജിത് ബാനർജി, ബുക്കർ പ്രൈസ് ജേതാക്കളായ കിരൺ ദേശായി, ബാനു മുഷ്താഖ്, ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്സി റോക്വെൽ, ജ്ഞാനപീഠജേതാവ് പ്രതിഭ റായ്, സാമ്പത്തികവിദഗ്ദ്ധൻ അരവിന്ദ് സുബ്രഹ്മണ്യൻ, ചരിത്രകാരി റോമില ഥാപ്പർ, വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ്, പ്രശസ്ത ചിന്തകൻ പീക്കോ അയ്യർ, എഴുത്തുകാരനായ അമിഷ് ത്രിപാഠി, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂർ തുടങ്ങി സാഹിത്യ-സാംസ്കാരിക-സാമ്പത്തിക- പാരിസ്ഥിതികമേഖലകളിൽനിന്നുള്ളവരെ കൂടാതെ സിനിമാ-സ്പോർട്സ് രംഗത്തെ പ്രമുഖരും ഈ സാഹിത്യോത്സവത്തിനു മാറ്റുകൂട്ടും.
സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എൽ. എഫിൽ അതിഥിരാജ്യമായ ജർമ്മനിയിൽനിന്നുൾപ്പെടെ 18 രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകർ സംവാദത്തിനെത്തും.

യു.എസ്.എ., കാനഡ, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, നോർവെ, നെതർലാൻഡ്, ബൾഗേറിയ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, സ്ലോവാക്കിയ, ജപ്പാൻ, നൈജീരിയ, ബെൽജിയം എന്നീ രാജ്യങ്ങളിലെയും ഇന്ത്യയിലെയും നാനൂറിലധികം പ്രഭാഷകരാണ് പങ്കെടുക്കുന്നത്. 250-ൽ അധികം സംവാദങ്ങൾക്കാണ് കെ.എൽ.എഫ്. ഒമ്പതാം പതിപ്പ് സാക്ഷിയാകുന്നത്. കേരളത്തിലെ വിവിധ മേഖലകളിൽ സാന്നിദ്ധ്യമറിയിച്ച നിരവധി ആളുകളും കെ.എൽ.എഫിന്റെ ഭാഗമാകുന്നു. ലോകധർമ്മി നാടകവേദി അവതരിപ്പിക്കുന്ന പെർഫോമേറ്റീവ് സെഷനുകൾകൂടി ഉൾപ്പെടുത്തി ഏറെ വ്യത്യസ്തമായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എട്ടു വേദികളിലായി നടക്കുന്ന സാഹിത്യോത്സവം ജനുവരി 22-ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തമിഴ്നാട് ഐ.ടി. വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ, കോഴിക്കോട് മേയർ ഒ. സദാശിവൻ, സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, സുനിത വില്യംസ്, ഭാവന, പ്രകാശ് രാജ്, ജർമ്മൻ കൗൺസൽ ജനറൽ അക്കിം ബൂർകാർട്ട്, സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഗൊയ്ഥെ റീജിയണൽ ഡയറക്ടർ ജനറൽ ഡോ. മരിയ സ്റ്റൂകൻബർഗ്, ഡോ. സയ്യിദ് ഇബ്രാഹിം, നിർമല ലക്ഷ്മണൻ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, സംഘാടകസമിതി ചെയർമാൻ എ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
