തിരുവനന്തപുരം: കേരളം ദുരന്തമുഖത്ത് നിൽക്കെ അതിഥി സൽക്കാരത്തിൽ പങ്കെടുത്ത് വിഭവ സമൃദ്ധമായി ഭക്ഷണം കഴിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ വിശ്വസിക്കാനാവാതെ നാട്. പ്രചരിക്കുന്ന ദൃശ്യങ്ങൾ യാഥാർത്യമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.
സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്നലെ റെഡ് അലർട്ടാണ്. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും പോലുള്ള ദുരന്തങ്ങളിൽ 8 പേർ മരിച്ചു. പല ജില്ലകളിലും വീടുകൾ വെള്ളത്തിനടിയിലായി. ഈ സാഹചര്യങ്ങൾ സംസ്ഥാനത്ത് നില നിൽക്കെയാണ് മുഖ്യമന്ത്രി ഉത്തരവാദിത്തം നിർവഹിക്കാതെ സൽക്കാരത്തിൽ പങ്കെടുത്തതെന്ന കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒട്ടും ഔചിത്യമില്ലാത്ത നടപടി എന്നാണ് ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം.
മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി ഇന്നലെ എത്തിയത്. മുഖ്യമന്ത്രിയെ ഇരുത്തി തീറ്റിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കമൻ്റ് ചെയ്തിരിക്കുന്നത്.
ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണെന്നും
പിന്നെ ഉറപ്പ് വരുത്തിയെന്നും എ എ റഹീം എം പി പറഞ്ഞു. വിവിധ ജില്ലകളിലെ ആയിരക്കണക്കിന് സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെട്ട് പ്രയാസം അനുഭവിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ചെലവഴിച്ച നിമിഷങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ് വീഡിയോയും എംപി പങ്കുവെച്ചു.
നാട് മുഴുവന്‍ ഭീതിയിലും ആശങ്കയിലും കഴിയുമ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാള്‍ വ്യക്തിപരമായ താല്പര്യങ്ങള്ക്കും സല്‍ക്കാരങ്ങള്‍ക്കും പ്രാധാന്യം നല്കിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. അടിയന്തരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കും ഫോട്ടോകൾക്കും താഴെ നിശിതമായ വിമർശനമാണ് ഉയരുന്നത്.
മധ്യ കേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയില്‍ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കന്‍ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി’ എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. ‘നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ മൂപ്പര് ഇങ്ങനെ വിരുന്നു പോവുകയാണോ?’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതിനിടെ, ദുരന്ത ഘട്ടങ്ങളിൽ അടിയന്തിര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ എടുത്ത ഹെലിക്കോപ്ടർ ഭാര്യാ പിതാവിനെ സന്ദർശിക്കാൻ യാത്രക്കായി ഉപയോഗിച്ചു എന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഇടതു സർക്കാറിൻ്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയ ബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിച്ചത് പോലും പ്രതിപക്ഷം വിമർശന വിധേയമാക്കിയിരുന്നു.
