ഡൽഹി: ഡൽഹി റെഡ് ഫോർട്ടിന് മുന്നിൽ തിങ്കളാഴ്ച വൈകിട്ട് 10 പേർ മരിക്കാനും 30 പേർക്ക് പരിക്കേൽക്കാനുമിടയായ സംഭവം ചാവേറാക്രമണമാണെന്ന് സംശയം. സ്ഫോടന സംഭവത്തിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകരാക്രമണമെന്ന സൂചനയാണ് പൊലീസിൻ്റെ വെളിപ്പെടുത്തലുകളിൽ നിന്ന് തെളിയുന്നത്.

ചെങ്കോട്ടയ്ക്ക് സമീപമുള്ള ട്രാഫിക് സിഗ്നലിൽ ഒരു ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം നടന്നത്. ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയും തീപിടുത്തത്തിൽ കത്തി നശിച്ചതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി അതിർത്തിയോട് ചേർന്നുള്ള ഫരീദാബാദിലെ ഒരു കശ്മീരി ഡോക്ടറുടെ വാടക വീട്ടിൽ നിന്ന് ഏകദേശം 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡൽഹിയിൽ സ്ഫോടനം ഉണ്ടായത്.
ഹരിയാന പോലീസ്, ജമ്മു കശ്മീർ പോലീസുമായി സഹകരിച്ച് നടത്തിയ തിരച്ചിലിലാണ്, ഫരീദാബാദിലെ ധൗജ് പ്രദേശത്ത് നിന്ന് ഡോ. മുസമ്മിൽ ഗനായിയെ അറസ്റ്റ് ചെയ്തത്.

പൊട്ടിത്തെറിച്ച കാർ ഓടിച്ചത് പുൽവാമയിൽ നിന്നുള്ള ഡോക്ടറായ ഉമർ മുഹമ്മദ് ആണെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫരീദാബാദിൽ തിങ്കളാഴ്ച നടന്ന റെയ്ഡിന് മുമ്പ് അറസ്റ്റിലായ രണ്ട് ഡോക്ടർമാരുടെ അതേ ശൃംഖലയിൽ പെട്ടയാളാണ് ഇയാളെന്നാണ് പൊലീസിന്റെ നിഗമനം. ഉമറിന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
ഡൽഹി പോലീസ് കാർ ഉടമയായ മുഹമ്മദ് സൽമാനെ തിങ്കളാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത് വാഹനത്തെക്കുറിച്ച് ചോദ്യം ചെയ്തു. ഒന്നര വർഷം മുമ്പ് ഓഖ്ലയിലെ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റതായി ഇയാള് പറഞ്ഞു.
പിന്നീട്, വാഹനം അംബാലയിലെ ഒരാൾക്ക് വിറ്റു, തുടർന്ന് പുൽവാമയിലെ താരിഖ് എന്ന വ്യക്തിക്ക് വീണ്ടും വിറ്റു, ആളുകളെ കണ്ടെത്തുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
