ഡല്ഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ കേസ് അന്വേഷണം പൂർണമായും ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി. ഇതിന് പിന്നാലെ ചെങ്കോട്ട സ്ഫോടന കേസ് അന്വേഷണം ഏറ്റെടുത്തതായി എൻ ഐ എ അറിയിച്ചു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡി എൻ എ പരിശോധന നടത്തും.
ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗ സ്വദേശിയായ വനിതാ ഡോക്ടർക്ക് പാകിസ്താൻ ആസ്ഥാനമായിപ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദിൻ്റെ (ജെഇഎം) വനിതാവിഭാഗം സ്ഥാപിക്കുന്നതിനും റിക്രൂട്ട്മെൻ്റിനും ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് അറസ്റ്റിലായതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധ അന്വേഷണ സംഘങ്ങൾ വിശദമായ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണങ്ങളെല്ലാം ഇനി എൻ ഐ എയുടെ മേൽനോട്ടത്തിലാകും നടക്കുക.
കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് സാധാരണഗതിയിൽ ബോംബ് സ്ഫോടനത്തിൽ സംഭവിക്കാറുള്ളതു പോലുള്ള വലിയ ഗർത്തങ്ങളോ പെല്ലറ്റുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ സ്ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ.
ജനത്തിരക്കേറിയ വൈകുന്നേരം ഈ വാഹനം ആൾക്കൂട്ടങ്ങൾക്ക് ഇടയിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനം നടന്നത് വൈകിട്ട് 6.52നാണ്. എന്നാൽ ഇതിന് മുൻപായി മൂന്ന് മണിക്കൂറോളം കാർ ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്നു. കോട്ടയ്ക്ക് സമീപത്തെ സുനേരി മസ്ജിദിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തത്. വൈകിട്ട് 3.19ന് പാർക്കിങ്ങിൽ വാഹനം എത്തുന്നതും സ്ഫോടനത്തിന് മിനിട്ടുകൾക്ക് മുൻപായി 6.40 ന് തിരിച്ചുപോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തുടക്കത്തിൽ കാർ ഓടിച്ചിരുന്ന വ്യക്തിയുടെ മുഖം കാണാനാകുന്നുണ്ടെങ്കിലും പിന്നീട് ഇയാൾ മാസ്ക് ധരിച്ച നിലയിലായിരുന്നു. പാർക്കിങ്ങിലേക്ക് വാഹനം വരുമ്പോഴും തിരിച്ച് പോകുമ്പോഴും വാഹനത്തിൽ ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ ടോൾ പ്ലാസകളിൽനിന്നടക്കം നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.
സ്ഫോടനത്തിൽ ഇതുവരെ പതിമൂന്ന് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡല്ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും കടത്തിവിടുക. പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തും.
