തിരുവനന്തപുരം: കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മന്ത്രിസഭ സമഗ്രമായ ദുരിതാശ്വാസ-പ്രതിരോധ പാക്കേജിന് സർക്കാർ അംഗീകാരം നൽകി.
ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം. സംസ്കാരച്ചടങ്ങുകൾക്കായി അടിയന്തര സഹായമായി 10,000 രൂപ ലഭിക്കും.വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറി ബാധിക്കപ്പെട്ട ഓരോ കുടുംബത്തിനും 10,000 രൂപയും ഭൂമിയും വീടും ഒരുപോലെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രുപയും അനുവദിക്കും.
വീട് നിർമ്മാണത്തിനായി 6 ലക്ഷം രൂപ സഹായം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പ്രതിദിനം ഒരാൾക്ക് 300 രൂപ വീതം ഒരു കുടുംബത്തിലെ പരമാവധി 2 പേർക്ക് ലഭിക്കും. തകരാറിലായ വീടുകൾ പുനരുദ്ധരിച്ച് താമസയോഗ്യമാക്കുന്നതുവരെ വാടക സഹായം അനുവദിക്കും. വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിൽ 25 ശതമാനം വർദ്ധനവുണ്ടാകും.
കടകൾക്ക് നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ദുരിതബാധിതരായ ചെറുകിട വ്യവസായങ്ങൾക്ക് 12 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതി രൂപകരിച്ചു. മൽസ്യത്തൊഴിലാളികൾക്കായുള്ള ‘പുനർഗേഹം’ പദ്ധതി കൂടുതൽ സാമ്പത്തിക സഹായത്തോടെ പുനഃസംഘടിപ്പിക്കുവാനും തീരുമാനിച്ചു.
