ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലുള്ള ധവലേശ്വരം ജില്ലാ പരിഷത്ത് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കണ്ടുല ജെസ്സി. സാധാരണ കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളർന്നവൾ. പിതാവ് ആശാരിപ്പണി ചെയ്യുന്നു; അമ്മ വീട്ടമ്മയാണ്. ശാസ്ത്ര വിഷയത്തോടുള്ള അടങ്ങാത്ത ആവേശം സ്വപ്ന സാക്ഷാത്കാരത്തിനായുള്ള ആദ്യ ചവിട്ടുപടിയിൽ ജെസ്സിയെ എത്തിച്ചിരിക്കുകയാണ്. വീട്ടിലെ ദാരിദ്രാവസ്ഥ അവളുടെ ജൈത്രയാത്രക്ക് വിലങ്ങുതടിയായില്ല.
ഒരു സ്വകാര്യ സ്കൂളിലായിരുന്നു ജെസ്സി ആദ്യം പഠിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സർക്കാർ സ്കൂളിലേക്ക് മാറേണ്ടിവന്നു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ അവൾക്ക് ശാസ്ത്ര വിഷയങ്ങളിൽ വലിയ താൽപ്പര്യമായിരുന്നു. സ്കൂളിലെ ശാസ്ത്ര അധ്യാപിക മണിമല ജെസ്സിയുടെ താൽപ്പര്യങ്ങൾ തിരിച്ചറിയുകയും ‘മിഷൻ ശക്തിസാറ്റിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുടുംബത്തിന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും കടുത്ത മത്സരമുള്ള ഒരു അന്താരാഷ്ട്ര പരിപാടിയിൽ ഇടംനേടാൻ സാധിച്ചു എന്നതാണ് ജെസ്സിയുടെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
തിരഞ്ഞെടുപ്പിന് മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നു. ഉപഗ്രഹ സംവിധാനങ്ങൾ, പ്രൊപ്പൽഷൻ, തെർമോഡൈനാമിക്സ്, ബഹിരാകാശ സാങ്കേതികവിദ്യയിലെ മറ്റ് മേഖലകൾ എന്നിവ ഉൾപ്പെടുന്ന 21 മൊഡ്യൂളുകളിലായി 550 ഓൺലൈൻ സെഷനുകൾ അവൾ പൂർത്തിയാക്കി. അന്താരാഷ്ട്ര ശാസ്ത്രജ്ഞരുമായുള്ള ഒരു മണിക്കൂർ അഭിമുഖവും, ‘മിഷൻ ശക്തിസാറ്റ്’, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നിവ വിശദീകരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവതരണവും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നു.
അഭിമുഖത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, അധ്യാപകരുടെ പിന്തുണയോടെ തന്റെ ഇംഗ്ലീഷ് ആശയവിനിമയ ശേഷി മെച്ചപ്പെടുത്താൻ ജെസ്സി പരിശ്രമിച്ചു. 108 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 12,000 പെൺകുട്ടികളുമായി മത്സരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള 20 പേരിൽ ഒരാളായി അവൾ തിരഞ്ഞെടുക്കപ്പെട്ടത്.
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ‘സ്പേസ് കിഡ്സ് ഇന്ത്യ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന, പെൺകുട്ടികൾക്കായി മാത്രമുള്ള ആഗോള ചാന്ദ്ര ‘ക്യൂബ്സാറ്റ്’ ദൗത്യമാണ് ‘മിഷൻ ശക്തിസാറ്റ്’. പ്രായോഗിക പരിശീലനത്തിലൂടെയും സഹകരണത്തിലൂടെയും ഉപഗ്രഹ സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ബഹിരാകാശ ഗവേഷണം എന്നിവയെക്കുറിച്ച് പഠിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഈ ദൗത്യം ഒന്നിപ്പിക്കുന്നു. ഓഗസ്റ്റ് 23-ന് ന്യൂഡൽഹിയിൽ പ്രായോഗിക പരിശീലനം ആരംഭിക്കും. ഒക്ടോബറിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് ഈ ക്യൂബ്സാറ്റ് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
‘മിഷൻ ശക്തിസാറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ ജോലി ചെയ്യുക എന്ന തന്റെ സ്വപ്നത്തിന് കൂടുതൽ കരുത്തേകിയെന്ന് ജെസ്സി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കാൻ ഈ അനുഭവം സഹായിക്കുമെന്ന് അവൾ പ്രത്യാശിക്കുന്നു.
