തിരുവന്തപുരം: സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ വാദം അടിസ്ഥാനരഹിതമെന്ന് കാണിക്കുന്ന വിവരാവകാശ രേഖ പുറത്ത്.
2026 മെയ് 1-ലെ റിസർവ് ബാങ്കിന്റെ ഒഫീഷ്യൽ ഡെയ്ലി പൊസിഷൻ ‘ റിപ്പോർട്ട് പ്രകാരം, യൂണിയൻ സർക്കാരിന്റെ ട്രഷറി ബില്ലുകളിൽ കേരളത്തിനുള്ള നിക്ഷേപം 5,429.01 കോടി രൂപയാണെന്ന് ആർ ബി ഐ യുടെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സംസ്ഥാന ട്രഷറിയിലെ മിനിമം ബാലൻസിന് മുകളിൽ വരുന്ന തുക ആർ.ബി.ഐ വഴി കേന്ദ്ര ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്ന സാധാരണ സാമ്പത്തിക ക്രമീകരണമാണിത്. മെയ് ഒന്നിന് മാത്രം 165.19 കോടി രൂപ ഇങ്ങനെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മുൻ ദിവസങ്ങളിലെ തുകയടക്കമാണ് ഈ 5429 കോടി രൂപയായി കാണിക്കുന്നത്. ഏപ്രിൽ മാസത്തെ ഭീമമായ ചെലവുകൾക്ക് ശേഷവും മെയ് മാസത്തെ ശമ്പള-പെൻഷൻ വിതരണത്തിന് തൊട്ടു മുൻപായി കൃത്യമായ പണലഭ്യത ഉറപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
ഇതിനുപുറമേ, അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് ഉപയോഗിക്കാവുന്ന സ്പെഷ്യൽ ഡ്രോയിംഗ് ഫെസിലിറ്റി ഇനത്തിൽ 3363 കോടി രൂപയുടെ ക്രെഡിറ്റ് പരിധിയും ലഭ്യമാണ്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഖജനാവിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുന്നതിൽ ഒന്നും രണ്ടും പിണറായി സർക്കാരുകൾ പുലർത്തിയ ധനകാര്യ സൂക്ഷ്മതയും മാനേജ്മെന്റ് മികവുമാണ് ആർ.ബി.ഐ രേഖ അടിവരയിടുന്നതെന്ന് സി.പി എം ചൂണ്ടിക്കാട്ടി.
