ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം: കേരള സർവ്വകലാ ശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എസ് എഫ് ഐ നടത്തിയ വിജയ റാലിക്ക് നേരെ കെ എസ് യു പ്രവർത്തകരുടെ ആക്രമണം.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചില മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ 37 സീറ്റിൽ 35 സീറ്റും നേടിയിരുന്നു. ഫലപ്രഖ്യാപന ശേഷം എസ് എഫ് ഐ നടത്തിയ വിജയ റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ നിയന്ത്രിക്കുന്നതിനുപകരം പോലീസ് കെഎസ്യു ആക്രമണത്തിന് ഒത്താശ ചെയ്യുകയായിരുന്നുവെന്ന്
എസ്എഫ്ഐ ആരോപിച്ചു.

ആക്രമണത്തിലും പോലീസിന്റെ
നിരുത്തരവാദപരമായ സമീപനത്തിലും പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്കും മുഴുവൻ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും ഇന്ന് ( ചൊവ്വ) മാർച്ച് നടത്തുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, എം വി ജയരാജൻ എന്നിവർ സന്ദർശിച്ചു.
