ന്യൂഡൽഹി: ലോകപ്രശസ്ത ഫുട്ബാൾ താരം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനം ഡിസംബറിൽ. ഡിസംബർ 13 ന് കൊൽക്കത്ത സാർട്ട് ലേക്ക് സ്റ്റേഡിയം 14 ന് മുംബൈ വാംഗ്ഡെ സ്റ്റേഡിയം 15 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റഡിയം എന്നിവിടങ്ങളിലാണ് മെസ്സി എത്തുന്നത്. മറ്റൊരു നഗരത്തിൽ കൂടി സന്ദർശനമുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് അഹമ്മദാ ബാദോ കൊച്ചിയോ ആകാനാണ് സാധ്യത.
ഇന്ത്യ പോലുള്ള മനോഹരമായ ഒരു രാജ്യം സന്ദർശിക്കാൻ കഴിയുന്നതിൽ ശരിക്കും ആവേശത്തിലാണെന്ന് മെസ്സി പറയുന്നു.
കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേയും ഒരുപക്ഷേ മറ്റൊരു നഗരത്തിലേയും പ്രശസ്തമായ സ്റ്റേഡിയങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നത് സന്തോഷകരമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളുമായും ഉന്നത വിശിഷ്ട വ്യക്തികളുമായും സംവദിക്കാനും കാണാനും കഴിയുന്നത് ഒരു ബഹുമതിയായിരിക്കും.14 വർഷത്തിനുശേഷം ഇന്ത്യയിലേക്ക് വരവ് സാധ്യമാക്കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
2011 സെപ്റ്റംബര്‍ 2 നായിരുന്നു ഇതിനു മുമ്പ് മെസി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മെസി കളിച്ചു. ഈ മത്സരത്തില്‍ ആദ്യമായി അര്‍ജന്റീനയുടെ ക്യാപ്റ്റനായിരുന്നു മെസി. മത്സരത്തില്‍ അര്‍ജന്റീന 1-0 ന് വിജയിച്ചു.
