മിസ ( MISA- Maintenance of Internal Security Act, 1971) നിയമത്തിൻ്റെ പേരല്ല. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന കിരാതമായ മനോനിലയാണ്. അടിയന്തരാവസ്ഥയെന്ന ഇരുണ്ട കാലഘട്ടത്തിൻ്റേയും സ്നേഹലതയെന്ന കാലാ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകയുടെ ജീവത്യാഗത്തിൻ്റേയും നടുക്കുന്ന ഓർമ്മപ്പെടുത്തലാണ്.
ഓർമ്മകൾ ചിലർക്ക് സമര പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാണ്. മറ്റു ചിലർക്ക് ഓർമ്മപ്പെടുത്തലുകളെ ഭയമാണ്. അവർ ഭൂതകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന തീപ്പന്തങ്ങളെ ഊതിക്കെടുത്താൻ ശ്രമിച്ചു കൊണ്ടയിരിക്കും. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിക്കപ്പെട്ട മിസ ( സ്നേഹലത റെഡ്ഡിയുടെ സമര ജീവിതം ) യ്ക്ക് നേരെയുള്ള എതിർപ്പിന് പിന്നിലും ഈ ഭയമാണ്.
ആന്ധ്ര പ്രദേശിൽ 1932 ലാണ് സ്നേഹലത റെഡ്ഡിയുടെ ജനനം. അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ മേജറായിരുന്നു. കുട്ടിക്കാലത്തുതന്നെ കടുത്ത അസ്തമ രോഗിയായിരുന്നു സ്നേഹലത. ചെന്നൈയിലെ ക്യുൻസ് മേരി കോളേജിലാണ് പഠിച്ചത്. പഠനത്തോടൊപ്പം നൃത്തത്തിലും നാടകത്തിലും അവർ സജീവമായി. പ്രശസ്ത ഗുരു കിത്തപ്പ പിള്ളയിൽ നിന്ന് ഭരതനാട്യം അഭ്യസിച്ചു.

കോളേജ് വിദ്യാഭ്യാസ കാലത്താണ് കവിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പട്ടാഭിരാമ റെഡ്ഡിയുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന ഇരുവരും സമത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിൽ അധിഷ്ഠിതമായ രാഷ്ട്രീയ ചിന്തയുടെ പ്രചാരകരായി.1960 ൽ സ്നേഹലത റെഡ്ഡിയുടെ സഹ സംഘാടനത്തിൽ മഡ്രാസ് പ്ലെയേഴ്സ് എന്ന നാടക സംഘം രൂപീകരിക്കപ്പെട്ടു. സംവിധാനവും അഭിനയവുമായി അവർ നാടക രംഗത്ത് സജീവമായി. ഇബ്സൻ്റേയും ഷേക്സ്പിയറിൻ്റേയും നാടകങ്ങൾ മഡ്രാസ് പ്ലെയേഴ്സ് അവതരിപ്പിച്ചു.
സ്നേഹലതയുടെ അഭിനയജീവിതത്തിൻ്റെ പൂർണ്ണതയാണ് 1970 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘സംസ്കാര’. യു. ആർ. അനന്തമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി പട്ടാഭിരാമ റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്തത്. ആ വർഷത്തെ ദേശീയ പുരസ്കാരം സംസ്കാരക്ക് ലഭിച്ചതോടെ സ്നേഹലത ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

1975 ജൂൺ 25-ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സ്നേഹലതയും പട്ടാഭിരാമ റെഡ്ഡിയും അതിശക്തമായി രംഗത്തുവന്നു. സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസുമായി ഇരുവരും അടുത്ത ബന്ധം പുലർത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ജോർജ് ഫെർണാണ്ടസിന് അവരുടെ ബെംഗളൂരുവിലെ വീട് അഭയകേന്ദ്രമായി. ഒളിവിലിരുന്ന് ജോർജ് ഫെർണാണ്ടസിൻ്റെ നേതൃത്വത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് സർക്കാർ സംവിധാനങ്ങളെ തകർക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത ബറോഡ ഡൈനാമിറ്റ് കേസിൽ പെടുത്തി സ്നേഹ ലഹത റെഡ്ഡിയേയും അറസ്റ്റു ചെയ്തു. കുറ്റപത്രമോ വിചാരണയോ കൂടാതെ തടവിൽ പാർപ്പിക്കാവുന്ന കുപ്രസിദ്ധമായ മിസ (MISA) നിയമ പ്രകാരമായിരുന്നു അറസ്റ്റ്. അന്തിമ കുറ്റപത്രത്തിൽ പേരില്ലാതിരുന്നിട്ടു കൂടി മാസങ്ങളോളം അവർക്ക് ജയിലിൽ കഴിയേണ്ടിവന്നു.
ബാംഗ്ലൂർ സെൻട്രൽ ജയിലിൽ മനുഷ്യത്വരഹിതമായ പെരുമാറ്റവും ക്രൂരമായ പീഡനങ്ങളുമാണ് സ്നേഹലത റെഡ്ഡിക്ക് നേരിടേണ്ടി വന്നത്. ഒരു രാഷ്ട്രീയ തടവുകാരി എന്ന പരിഗണന പോലും നൽകാതെ, കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന ഇരുണ്ടതും വൃത്തിഹീനവുമായ ഇടുങ്ങിയ സെല്ലിലാണ് അവരെ മാസങ്ങളോളം പൂട്ടിയിട്ടത്.
കടുത്ത ആസ്ത്മ രോഗിയായിരുന്ന അവർക്ക് ചികിത്സയും മരുന്നുകളും അധികൃതർ നിഷേധിച്ചു. തണുപ്പും മൂത്ര ഗന്ധവും നിറഞ്ഞ കോൺക്രീറ്റ് തറയിൽ കിടത്തി. പുഴുക്കൾ നിറഞ്ഞ ഭക്ഷണമാണ് നൽകിയിരുന്നത്. ശുദ്ധജലവും ശുചിമുറി സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. സഹതടവുകാരായ പാവപ്പെട്ട സ്ത്രീകളെ ജയിലർമാരും പോലീസും ക്രൂരമായി മർദ്ദിക്കുന്നത് നിസ്സഹായയായി നോക്കിനിൽക്കേണ്ടി വന്നു. അവർക്കു വേണ്ടി ശബ്ദമുയർത്തിയപ്പോൾ സ്നേഹലത കൂടുതൽ പീഡിപ്പിക്കപ്പെട്ടു. തുടർച്ചയായ പീഡനങ്ങളാൽ ആരോഗ്യം ക്ഷയിച്ചു.
ജയിലിൽ വെച്ച് മരണപ്പെട്ടാൽ അത് വലിയ ജനരോഷത്തിന് കാരണമാകുമെന്ന് ഭയന്ന സർക്കാർ 1977 ജനുവരി 15-ന് സ്നേഹലതയെ പരോളിൽ വിട്ടയച്ചു.

എന്നാൽ, ജയിൽവാസമുണ്ടാക്കിയ ശാരീരിക ആഘാതങ്ങളിൽ നിന്ന് കരകയറാൻ അവർക്കായില്ല. പരോളിലിറങ്ങി വെറും അഞ്ച് ദിവസത്തിന് ശേഷം, 1977 ജനുവരി 20-ന്, 44-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് സ്നേഹലത റെഡ്ഡി അന്തരിച്ചു. അടിയന്തരാവസ്ഥയുടെ ക്രൂരതകളെ ഓർമ്മിപ്പിക്കുന്ന ഏറ്റവും വലിയ രക്തസാക്ഷിത്വമാണ് സ്നേഹലത റെഡ്ഡിയുടേത്.
ജയിലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെയും നിസ്സഹായാവസ്ഥയെയും കുറിച്ച് തുണ്ട് കടലാസുകളിൽ സ്നേഹലത എഴുതിവെച്ച കുറിപ്പുകൾ പിൽക്കാലത്ത് ‘എ പ്രിസൺ ഡയറി’ എന്ന പേരിൽ പുസ്തകമായി. അടിയന്തരാവസ്ഥയുടെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുന്ന ചരിത്രരേഖയാണ് ഈ കൃതി.
അടിന്തരവാസ്ഥയുടെ ഇരുട്ടിനെ കാമിക്കുന്നവർക്ക് സ്നേഹലതയുടെ ഓർമ്മകളെ ഭയമാണ്. അതു കൊണ്ടുതന്നെ ഓർപ്പെടുത്തൽ ഒരു സമരമാണ്.

