പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലും രാജ്യത്താകമാനവും വിദ്യാർത്ഥി സമരം ശക്തമായതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
യുവജനങ്ങളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും മോദി മുന്നറിയിപ്പു നൽകി.
