തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു.
സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
128 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിക്കും.
അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്കാര ജേതാവുമായ ഗായത്രി അശോകന്, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.

ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി രാജനാരായണന്‍, സംവിധായകന് വി.സി അഭിലാഷ്, ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ.ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
നടന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്ശന് സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി. നാടക ലോകത്ത് നിന്നാണ് സിനിമയില്‍ എത്തിയത്. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴ് തമിഴ്നാട് സംസ്ഥാന അവാർഡുകൾ നേടിയ അദ്ദേഹം 31 വർഷമായി ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ്.
