തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെയും സർക്കാറിന്റെയും തെറ്റായ നടപടികൾ മൂലം കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് നിലവിലുളളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കാസർകോട് കലക്ട്രേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ വാർത്ത ഞെട്ടിക്കുന്നതാണ്. ഭരണമാറ്റത്തെ തുടർന്ന് നടപ്പിലാക്കിയ നിർബന്ധ സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷമാണ് ഈ യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് വിവരം. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ശിശുരോഗ വിഭാഗത്തിലെ സീനിയർ ഡോക്ടർ കെ. വി. രാധാമണിയെ എൻജിഒ അസോസിയേഷൻ നേതാക്കൾ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് അവർക്ക് ഹൃദയാഘാതമുണ്ടായതാണ് മറ്റൊരു സംഭവം.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തയ്യാറാക്കിയ ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാൻ തയ്യാറാകാത്തതിൻ്റെ വൈരാഗ്യത്തിലാണ് രോഗികളുടെ മുന്നിൽവെച്ച് വനിതാ ഡോക്ടറെ അധിക്ഷേപിച്ചത്. ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണം.
യാതൊരു മാനദണ്ഡവും പാലിക്കാതെ, തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുന്നു. സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ഈ രീതി നിർബാധം തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കം സ്വീകരിക്കുന്നത്.
ജീവനക്കാരുടെ അവകാശപോരാട്ടങ്ങളെ തികഞ്ഞ അഹങ്കാരത്തോടെ അപഹസിക്കുകയും പൊതുവേദിയിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് പദവിയുടെ അന്തസ്സിന് ഒട്ടും യോജിക്കാത്തതും അങ്ങേയറ്റം അപലപനീയവുമാണ്. ഭരണമാറ്റത്തിൻ്റെ മറവിൽ സ്വന്തം അണികൾ നടത്തുന്ന അഴിമതിക്കും ഭീഷണികൾക്കും പച്ചക്കൊടി കാണിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം അരോപിച്ചു.
സ്ഥിരം ജീവനക്കാരോടുള്ള ഈ പ്രതികാര നടപടികൾക്ക് പുറമെ, സാധാരണക്കാരായ താൽക്കാലിക ജീവനക്കാരെയും സർക്കാർ പെരുവഴിയിലാക്കുകയാണ്. ഡിജിറ്റൽ സർവേക്കായി രാപ്പകലില്ലാതെ അധ്വാനിച്ച 2,800 ജീവനക്കാരെ അർഹതപ്പെട്ട ശമ്പള കുടിശ്ശിക പോലും നൽകാതെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്.
കുടുംബശ്രീയിലും കെഎസ്ആർടിസിയിലും മുൻപ് നടന്ന കൂട്ടപ്പിരിച്ചുവിടലുകൾക്ക് പിന്നാലെ, പി.എസ്.സി വഴി ജോലിയിൽ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചു വിടുന്നതാണ് നാം കാണുന്നത്. ജീവനക്കാരോട് ശത്രുതാമനോഭാവം പുലർത്തുകയും, പൊതുസമൂഹത്തിന് മുന്നിൽ അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
