തിരുവനന്തപുരം: സംഘപരിവാറിന്റെ വ്യാജ ചരിത്ര നിർമ്മിതികൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്ന നിലപാടാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാകുന്നതെന്ന് എസ് എഫ് ഐ ആരോപിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് മാപ്പപേക്ഷ എഴുതിക്കൊടുത്ത് രാജ്യത്തെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റുകൊടുത്ത സവർക്കറെ, “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി”യായി ചിത്രീകരിച്ച് വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് നൽകിയതിലൂടെ ചരിത്രത്തെ തിരുത്തിയെഴുതാനും അപനിർമ്മിക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ കാവിവൽക്കരണ നയങ്ങളെ കേരളത്തിൽ വേരുപിടിപ്പിക്കാൻ വഴിയൊരുക്കുന്ന ഈ നിലപാട് നാടിന്റെ മതേതര ബോധത്തിന് മേലുള്ള കടന്നുകയറ്റമാണ്. പി.എം.ശ്രീ പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വർഗ്ഗീയ നിലപാടുകളെ കേരളത്തിൽ വേരുപിടുപ്പിക്കാൻ തയ്യാറെടുക്കുന്ന ഈ സർക്കാരിന്റെ നയങ്ങൾ തന്നെയാണ് ഇത്തരം ചോദ്യങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മുൻപിലേക്ക് കടന്നുവരാൻ കാരണം.
സംഘപരിവാർ വിധേയത്വവും ചരിത്ര വിരുദ്ധതയും കേരളത്തിലെ കലാലയങ്ങളിലും സ്കൂളുകളിലും നടപ്പിലാക്കാൻ എസ്.എഫ്.ഐ അനുവദിക്കില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളുടെ മനസിൽ വർഗീയ വിഷം കലർത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു..
