കോഴിക്കോട് : സഞ്ചാര സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെ ബീക്കൺ കാലിക്കറ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എസ്.കെ.പൊറ്റെക്കാടിൻ്റെ ഓർമ്മദിനത്തിന് മുന്നോടിയായി ഒരുക്കിയ അനുസ്മരണത്തിൽ ഡോ. എൻ. എം. സണ്ണി മുഖ്യ പ്രഭാഷണം നടത്തി.
വിഖ്യാത എഴുത്തുകാരൻ മാർക്വേസ് അദ്ദേഹത്തിൻ്റെ ദേശത്തെപ്പറ്റി എഴുതിയതുപോലെ സ്വന്തം ദേശത്തെയാണ് എസ്.കെ.പൊറ്റെക്കാടും പകർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മറ്റാരും വെട്ടിത്തെളിച്ച വഴിയിലൂടെയല്ല എസ്.കെ. സഞ്ചരിച്ചത്. ദേശത്തിൻ്റേയും തെരുവിൻ്റേയും കഥ എഴുതിയ എസ്.കെ. അതുകൊണ്ടു തന്നെ ശ്രദ്ധേയനാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച എസ് കെ യുടെ മകൾ സുമിത്ര ജയപ്രകാശ് അച്ഛനെപ്പറ്റിയുള്ള ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചു. ഇപ്പോഴും ആ ഓർമ്മകൾ മുന്നോട്ട് നയിക്കുന്നുവെന്ന് അവർ പറഞ്ഞു. കെ.വി. മോഹനൻ, സി. മുരളീധരൻ എന്നിവരും എസ്.കെ.യുടെ സാഹിത്യ സംഭാവനകൾ അനുസ്മരിച്ചു.
ബീക്കൺ വൈസ് പ്രസിഡൻ്റ് എം.രാജൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ജെ. തോമസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി. അജിത് കുമാർ നന്ദിയും പറഞ്ഞു.
