ബാലുശ്ശേരി : സാമൂഹ്യ ജീവിതത്തിൻ്റെ പല പ്രതലങ്ങളിൽ ബന്ധപ്പെടുകയും ഓരോ നിമിഷത്തിലും സത്യസന്ധനായിരിക്കുകയും ധാർമ്മികതയെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത ഗാന്ധിജി ഒരിക്കലും വായിച്ചു തീരാത്ത വിശിഷ്ട ഗ്രന്ഥമാണെന്നും പുതിയ തലമുറ ഗാന്ധിജിയെ ആഴത്തിൽ പഠിക്കണമെന്നും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു.
ഗാന്ധിപഥം സാംസ്കാരിക വേദിയുടെയും സർവോദയ ബുക്ക് ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബാലുശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന സദസ്സിൽ സംസാരിക്കുകയായിരുന്നു സുനിൽ പി. ഇളയിടം.
ഇന്ത്യൻ സെക്കുലറിസത്തിൻ്റെ വൈജാത്യങ്ങളെ ശ്രീനാരായണ ഗുരുവിൻ്റെ പലമതസാരവുമേകം എന്ന ദർശനത്തിൽ വിളക്കിച്ചേർത്ത ഗാന്ധിജിയെ അവമതിക്കാനോ നിഷേധിക്കാനോ ഒരു ശക്തിക്കും സാധ്യമല്ല.
ഭഗവദ്ഗീത ഉയർത്തിപ്പിടിക്കുന്ന നിഷ്ക്കാമ കർമ്മത്തിനും അനാസക്തി യോഗദർശനത്തിനുമപ്പുറം മനുഷ്യനെ സമന്വയിപ്പിക്കുന്ന മതനിരപേക്ഷ ദർശനം ഗീതയിൽ കണ്ടെത്തിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫസ്സർ ടി. പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
കെ.പി. മനോജ് കുമാർ, ജൂലേഷ് രവീന്ദൻ , പൃഥ്വീരാജ് മൊടക്കല്ലൂർ, എം.പി.ഷിജിത്ത് എന്നിവർ സംസാരിച്ചു.
താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാൻ്റ്സ് ഔവർ പാഷൻ എന്ന സംഘടന തയാറാക്കിയ അരയാൽ വൃക്ഷത്തൈകളും കാട്ടുചെമ്പകത്തൈകളും സംഘടനയുടെ കൺവീനർ അബ്ദുൽ റഷീദ് വിശിഷ്ടാതിഥികൾക്ക് നൽകി.
ഗാന്ധിവേഷം ധരിച്ച് അധ്യക്ഷവേദിയിലെത്തിയ അസീസ് അവേലം സദസ്സിന് നവ്യാനുഭവമായി
