കോഴിക്കോട് : സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രത്തിൽ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രവുമായി കമ്യൂണിസ്റ്റ് നേതാവും കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാടിനെ തുലനം ചെയ്തു കൊണ്ടുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം. ചലച്ചിത്ര നിർമ്മാതാവും കോൺഗ്രസ് നേതാവുമായിരുന്ന പി വി ഗംഗാധരൻ്റെ വസതി സന്ദർശിച്ച വേളയിൽ സത്യൻ അന്തിക്കാടുമായി നടത്തിയ സംഭാഷണത്തിലാണ് ഇ എം എസിനെ കളിയാക്കുന്ന തരത്തിലുള്ള പരാമർശമുള്ളത്.
രാഷ്ട്രീയ പാർട്ടികളേയും വിദ്യാർത്ഥി സംഘടനകളേയും ആക്ഷേപിക്കുന്ന തരത്തിൽ ചിത്രീകരിച്ചിട്ടുള്ള സന്ദേശത്തിൽ മുതിർന്ന രാഷ്ട്രീയ നേതാവായാണ് ശങ്കരാടി വേഷമിടുന്നത്. സിദ്ധാന്തങ്ങളും ആശയങ്ങളും പറയുകയും, അതേസമയം സ്വന്തം മകളുടെ പേരക്കുട്ടിയുടെ ചോറൂണിന് ഹർത്താൽ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നതുമായ കഥാപാത്രമാണിത്. ഈ രീതിയിൽ മോശമായി അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രവുമായാണ് ഇ എം എസിനെ മുഖ്യമന്ത്രി സാമ്യപ്പെടുത്തിയിരിക്കുന്നത്.
തനിക്ക് ശങ്കരാടി അവതരിപ്പിച്ച കഥാപാത്രം ഇ എം എസ് ആണെന്ന് തോന്നിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ സംഭാഷണത്തിനിടെ ചിരിച്ചു കൊണ്ട് പറയുന്നത്.
ഇ എം എസ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ശങ്കരാടി സംസാരിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർക്കുന്നു.
താൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ കാരണമായത് സന്ദേശം എന്ന ചിത്രമാണ്.
ആ സിനിമ കണ്ടശേഷം ഉറക്കം നഷ്ടപ്പെട്ടു. ഓഫീസിലേക്ക് പോകാനുള്ള മടി മാറിയത് അതിനുശേഷമാണ്. പിന്നീട് ഒൻപതുവർഷം അഭിഭാഷകനായി ജോലിചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്യൂണിസ്റ്റുകാർ എക്കാലവും നെഞ്ചേറ്റിക്കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതാവാണ് ഇ എം എസ് നമ്പൂതിരിപ്പാട്. കേരള രാഷ്ട്രീയ ചരിത്രത്തിലെ അതുല്യ വ്യക്തിത്വമായാണ് ഇ.എം.എസ് ഓർമ്മിക്കപ്പെടുന്നത്. ഇ എം എസിനെതിരെയുള്ള പരിഹാസ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നിട്ടുള്ളത്.
സമൂഹത്തിൽ അരാഷ്ട്രീയത വളർത്തുന്ന പിന്തിരിപ്പൻ ആശയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ചലച്ചിത്ര നിരൂപകർ സന്ദേശത്തെ വിലയിരുത്തിയിരുന്നു
