1987 മെയ് 30 ന് രാത്രിയിൽ കോഴിക്കോട് നഗരത്തിലെ പണി തീരാത്ത ഒരു
കെട്ടിടത്തിൽ നിന്ന് ഒരാൾ താഴേക്ക് വീണു.
മാരകമായ പരിക്കുകളോടെ രക്തമൊലിപ്പിച്ച് അയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാത്തിൽ ഏറെ നേരം കിടന്നു. പിന്നെ മരിച്ചു.
നാട്ടുകാരും ആശുപത്രി ജീവനക്കാരും തിരിച്ചറിയാൻ വൈകിപ്പോയ ആ മനുഷ്യൻ സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രം ഇന്ന് (മെയ് 16 ) ലോക സിനിമയുടെ വേദിയായ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയാണ്. ആ ചലച്ചിത്ര പ്രതിഭയുടെ പേര് ജോൺ അബ്രഹാം. ചിത്രം അമ്മ അറിയാൻ.

ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധമുണ്ട്. സിനിമയോടുള്ള ആത്മാർത്ഥത ഉറക്കെ വിളിച്ചു പറഞ്ഞ ജോണിൻ്റെ സിനിമ തെളിമയോടെ ലോകം കാണുന്ന ദിനമാണ് ഇന്ന്.
ചിത്രത്തിലെ നായകൻ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവരും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിങ് ദുംഗാർപൂറും ചേർന്ന് കാനിൽ ചിത്രം അവതരിപ്പിക്കും. വൈകീട്ട് 3.45-ന് കാനിലെ ബുനുവൽ തിയേറ്ററിലാണ് സ്ക്രീനിങ്.

49-ാം വയസ്സിലാണ് ജോൺ എബ്രഹാം മരിക്കുന്നത്. ഡോകടർമാരുടെ അനാസ്ഥമൂലമാണ് ജോൺ അബ്രഹാം മരണപ്പെട്ടത് എന്ന വിവാദം അന്ന് ശക്തമായിരുന്നു. ആന്തരിക രതസ്രാവം കാരണമാവാം മരണമെന്നും പരിശോധിച്ച ഡോക്ടർമാർ ഇതു ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ രക്ഷപ്പെടുത്താമായിരുന്നെന്നും അഭിപ്രായമുയർന്നിരുന്നു.
കോട്ടയത്താണ് ജനനമെങ്കിലും കോഴിക്കോടായിരുന്നു ജീവിച്ചത്.
ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനിച്ചു. കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം സി.എം.എസ് സ്കൂളിലും ബോസ്റ്റൺ സ്കൂളിലും എം.ഡി സെമിനാരി സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല. 1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു .എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.

സ്വർണ്ണമെഡലോടെയാണ് ജോൺ സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയത്. പിന്നീട് ഋത്വിക് ഘട്ടക്കിന്റെ കൂടെ ചേർന്നു.
ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തിൽ സ്വാധീനിച്ചതായി കാണാം.
സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ ശിഷ്യനായ മണി കൗളിന്റെ ഉസ്കി റൊട്ടി (1969) എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചിട്ടുണ്ട്.
1972-ൽ നിർമ്മിച്ച വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടർന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാൻ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യൻ സിനിമയിൽ അവിസ്മരണീയനാക്കി.

വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിർത്തി.’അഗ്രഹാരത്തിലെ കഴുത’ യെന്ന ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഫ്യൂഡൽ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോൺ വരച്ചുകാട്ടി. ചിത്രത്തിൽ ഒരു ഭൂപ്രഭുവിനെ ജോൺ തെങ്ങിൻമുകളിലേക്കു കയറ്റിയതു ഒട്ടേറെ അർഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു.

സാധാരണക്കാരന്റെ സിനിമ എന്നും ജോൺ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മതി. അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും ഏറ്റവും വലിയ ശക്തിയുമാണെന്ന് ജോൺ വിശ്വസിച്ചു.
വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.

ജനകീയ സിനിമാ നിര്‍മ്മാണ ശൈലി എന്ന ആശയത്തോടെ ജോൺ അബ്രഹാം രൂപം നൽകിയ ‘ഒഡേസ മൂവിസ് ’ എന്ന ജനകീയ സിനിമാ പ്രസ്ഥാനമാണ് നിര്‍മ്മാണം. ജോൺ എബ്രഹാം സംവിധാനംചെയ്ത നാല് സനിമകളിൽ അവസാനത്തേതായിരുന്നു ‘അമ്മ അറിയാൻ’. 2001-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ അമ്മ അറിയാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
നായക കഥാപാത്രമായ പുരുഷന് കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന പുരുഷന്റെ അന്വേഷണം, മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്നുചേരുന്ന കൂട്ടം, കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്.

വയനാട്ടില്‍ നിന്നും ആരംഭിച്ച് മട്ടാഞ്ചേരിയില്‍ അവസാനിക്കുന്ന യാത്രയാണ് സിനിമ. ഭാവനയും സംഭവങ്ങളും ഇഴചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ യഥാർത്ഥ ദൃശ്യങ്ങളും ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. നായകൻ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ രൂപപ്പെടുന്നത്.
പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രതിരിക്കുന്നു. എവിടെയണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ് യാത്ര. യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് (ഹരിനാരായണൻ) തിരിച്ചറിയുകയും ചെയ്യുന്നു.
ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ പുരുഷൻ കണ്ടുമുട്ടുന്നുണ്ട്. സുഹൃത്തുക്കൾക്ക് തന്നെകുറിച്ചുള്ള ഓർമ്മകളുടെ ചുരുൾനിവർത്തുകയാണ് ഹരിയെന്ന കഥാപാത്രം. പുരുഷന്റെ കൂടെ ഈ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് യാത്രയാവുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻകൂട്ടമായി മാറിയിരുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുകയാണ്.

ഗ്രാമങ്ങളിലൂടെ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും ‘ജനങ്ങളുടെ ചലച്ചിത്രത്തിനായി’ സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണമായിരുന്നു നിർമ്മാണത്തിന് ചെലവിട്ടത്. ഒഡേസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്ര നിർമ്മാണരീതിയെ തിരുത്തിയെഴുതുകയായിരുന്നു.
ചിത്രത്തിൽ സംഗീതം സുനിതയും സൗണ്ട് റെക്കോഡിങ് കൃഷ്ണനുണ്ണിയും കലാസംവിധാനം രമേഷുമാണ് നിർവഹിച്ചിരിക്കുന്നത്. ജോയ് മാത്യുവിനെക്കൂടാതെ മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണൻ, നിലമ്പൂർ ബാലൻ, രാമചന്ദ്രൻ മൊകേരി, നസീം, വേണു കെ. മേനോൻ, ആനന്ദ്, റഷീദ്, ഹംസ, സത്യൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് ലഹരി ജീവിതവും ജീവിതം ലഹരിയുമായിരുന്നു. ഒരു കാലത്ത് ജോണിൻ്റെ അരികു ചേർന്ന് ജീവിതം ആഘോഷമാക്കിയവർ അന്ത്യനാളുകളിൽ ജോണിനെ ഉപേക്ഷിച്ച് പുതിയ മേച്ചിൽ പുറങ്ങൾ തേടി. ജോൺ സിനിമയോടും സൗഹൃദത്തോടുമുള്ള ആത്മാർത്ഥതയേക്കാൾ നിലനിൽപ്പായിരുന്നു അവരെ അതിലേക്ക് നയിച്ചത്. അജ്ഞാതനായി ഉപേക്ഷിക്കപ്പെട്ട ജോണിനെ അദ്ദേഹം പകർത്തിയ സിനിമ ഉയരങ്ങളിലേക്ക് എടുത്തുയർത്തുന്നു.
തയ്യാറാക്കിയത്ഃ കെ.ടി.ശേഖര്‍
