അമ്മ സംഘടനയെ അപഹരിക്കാൻ അനുവദിക്കില്ലെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പിൻമാറില്ലെന്നും അമ്മ പ്രസിഡണ്ട് ശ്വേത മേനോൻ.
താരസംഘടനയിലെ പ്രതിസന്ധികളെ തുടർന്ന് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോൻ നേരത്തെ പറഞ്ഞിരുന്നു. ഇത് തിരുത്തിക്കൊണ്ടാണ് പുതിയ നിലപാട്.
ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു.
ഞാൻ മിണ്ടാതിരുന്നാൽ അമ്മയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്.
പക്ഷേ, എന്റെ വ്യക്തിപരമായ വിശ്വാസ്യതയെ തുടർച്ചയായി ആക്രമിക്കുകയും എന്റെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പിന്മാറില്ല.
ഇപ്പോൾ ചിലർ പറയുന്നത് ഞാൻ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കിയെന്നുമാണ്.
അല്ല.
ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല.
2026 ജൂൺ 21-ന് നടന്ന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിലേക്ക് ഞങ്ങളുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കണമെന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലർ (കൃത്യമായി പറഞ്ഞാൽ 10 മുതൽ 15 വരെ അംഗങ്ങൾ) എത്തിയത്.
എക്സികുട്ടിവ് കമ്മിറ്റിക്കെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തി അവർ ഒരു പ്രമേയം മുൻകൂട്ടി തയ്യാറാക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു.
ആ ആരോപണങ്ങളിൽ ഓരോന്നിനും വസ്തുതാപരവും നിയമപരമായി വ്യക്തവുമായ മറുപടികൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.
ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, അമ്മ ബൈലോ 12(ഇ) പ്രകാരം അത് പാസായിട്ടില്ല. അന്ന് യോഗത്തിൽ പങ്കെടുത്ത 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 പേരുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയത്തിന് യാതൊരു നിയമസാധുതയുമില്ല.
.എന്റെ മൗനം മുതലെടുത്ത്, അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ചില സ്ഥാപിത താല്പര്യക്കാർ സംഘടനയെ അപഹരിക്കാൻ ശ്രമിക്കുകയാണ്.
അതുകൊണ്ടുതന്നെ, അമ്മയെ അപഹരിക്കാൻ ആരെയും ഞാൻ അനുവദിക്കില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
